തൃശൂരിൽ ഇനി ഷോപ്പിംഗ് മാമാങ്കത്തിന്റെ പത്തുനാളുകൾ- കാഴ്ചകളുടെ നിറവസന്തവുമായി ‘നാട്ടിക ബീച്ച് ഫെസ്റ്റിവൽ’

മലയാളികൾ പൊതുവെ ഏത് നിമിഷവും ആഘോഷമാക്കുന്നവരാണ്. അക്കാര്യത്തിൽ തൃശൂരുകാർ മുൻ പന്തിയിലുമാണ്. ശക്തന്റെ മണ്ണിൽ വീണ്ടുമൊരു ആഘോഷക്കാലം അരങ്ങുണരുകയാണ്, നാട്ടിക ബീച്ച് ഫെസ്റ്റിലൂടെ. ജനുവരി 16 ന് ആരംഭിക്കുന്ന ഫെസ്റ്റിവൽ പത്തുദിവസമാണ് ഉത്സവനഗരിയുടെ തീരങ്ങളെ വർണാഭമാക്കുന്നത്.

തൃശൂർ നിവാസികൾക്കായി ഒരു ഗംഭീര ഷോപ്പിംഗ് മഹാമഹം തന്നെയാണ് നാട്ടിക ഫെസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത്. ആഴക്കടൽ കാഴ്ചകളുമായി അക്വാ ഷോ, ആകർഷകമായ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ, രുചി ഭേദങ്ങളുടെ കലവറ തീർത്ത് ഫുഡ് കോർട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവൻ ഫ്‌ളവർ ഷോ, കുസൃതിയും കുറുമ്പുമായി വളർത്തുമൃഗങ്ങളുടെ പ്രദർശനം, വാഹനങ്ങളുടെ പ്രദർശനം, കുട്ടികൾക്കായി അമ്യുസ്മെന്റ്റ് പാർക്ക് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കൂടാതെ വസ്ത്ര വൈവിധ്യവും, ഓട്ടോമൊബൈൽ, ഇന്റീരിയർ ഡിസൈൻ, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിർദേശങ്ങൾക്കായി പ്രത്യേക കൗണ്ടറുകൾ, ലോൺ മേള, തുടങ്ങി ഒട്ടേറെ ആകർഷണീയമായ പ്രദർശനങ്ങളാണ് നാട്ടിക ഒരുക്കിയിരിക്കുന്നത്. അപ്പോൾ ഈ ഗംഭീര ഷോപ്പിംഗ് കാർണിവലിനായി എല്ലാവരും നാട്ടിക ബീച്ചിലേക്ക് വന്നോളൂ.. കണ്ടും അറിഞ്ഞും സ്വന്തമാക്കിയും ആഘോഷമാക്കാം ഈ ഷോപ്പിംഗ് മാമാങ്കം.