കോടതി മുറിയില്‍ കയറിയ പാമ്പിനെ കണ്ടതിനും ‘സാക്ഷി’; നടപടികള്‍ വൈകിയത് ഒരു മണിക്കൂറോളം

November 30, 2023
Snake entered in vigilance court Thrissur

തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറിതോടെ നടപടികള്‍ വൈകിയത് ഒരു മണിക്കൂറോളം സമയം. കോടതി ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് ജീവനക്കാര്‍ ഇരിക്കുന്ന ക്യാബിനിനുള്ളില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് സമീപത്തെ ഫോറസ്റ്റ് എസ്.ഐ.പി വിഭാഗം ഉദ്യോഗസ്ഥന്‍ എത്തിയാണ് പാമ്പിനെ പിടികൂടി സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ( Snake entered in vigilance court Thrissur )

ഇന്നലെ ഉച്ചയ്ക്ക് കോടതി കൂടിയ ശേഷം മുന്ന് മണിയോടെയാണ് പാമ്പിനെ കണ്ടത്. കോടതി ഓഫിസ് ജീവനക്കാര്‍ ഇരിക്കുന്ന സെക്ഷനിലെ അലമാരയിലായിരുന്നു പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാമ്പിന്റെ സാന്നിധ്യം ജീവനക്കാരെ അറിയിക്കുകയായിരുന്നു. പിന്നാലെ ജീവനക്കാരെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. ഇതോടെ ഭയചകിതരായ ജീവനക്കാര്‍ താട്ടടുത്ത സോഷ്യല്‍ ഫോറസ്ട്രി തൃശ്ശൂര്‍ ഡിവിഷന്‍ ഓഫീസില്‍ വിവരം അറിയിച്ചു.

Read Also : യാത്രയ്ക്കിടെ കുഞ്ഞിന് വിറയൽ, പിന്നാലെ പനിയും ഫിറ്റ്‌സും; നിർത്താതെ ആശുപത്രിയിലേക്ക് കുതിച്ച് ബസ്- ഇവർ കട്ടപ്പനയിലെ ഹീറോസ്!

ഇവിടെ നിന്നും സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിങ്ങിലെ ജീവനക്കാരുടെ ഫോണ്‍ നമ്പര്‍ നല്‍കി. ഈ നമ്പറില്‍ വിവരം വിളിച്ചറിയിച്ചതോടെ എസ്.ഐ.പി വിഭാഗം ഉദ്യോഗസ്ഥന്‍ കോടതിയിലെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

ഓഫിസിനകത്ത് നിന്നും പിടികൂടിയ പാമ്പ് ചേര ആണെന്ന് വനം വകുപ്പ് ജീവനക്കാരന്‍ അറിയിച്ചതോടെയാണ് കോടതിയിലുള്ളവര്‍ക്ക് ശ്വാസം നേരെവീണത്. ഇതോടെ ഒരു മണിക്കൂറിലധികമാണ് കോടതികള്‍ നടപടികള്‍ തടസപ്പെട്ടത്. പിടികൂടിയ പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ കൊണ്ടുപോയി.

Story Highlights : Snake entered in vigilance court Thrissur