യാത്രയ്ക്കിടെ കുഞ്ഞിന് വിറയൽ, പിന്നാലെ പനിയും ഫിറ്റ്‌സും; നിർത്താതെ ആശുപത്രിയിലേക്ക് കുതിച്ച് ബസ്- ഇവർ കട്ടപ്പനയിലെ ഹീറോസ്!

November 29, 2023

നമ്മളിലെല്ലാവരിലും ഒരു സൂപ്പർഹീറോ ഉണ്ട്. ഒരു ആപത്ത് വരുമ്പോഴായിരിക്കും ആ ഹീറോ പുറത്ത് വരുന്നത്. അങ്ങനെ കട്ടപ്പനയിലെ സൂപ്പർ ഹീറോസ് ആയിരിക്കുകയാണ് ടോബിൻ തോമസും, കെ ആർ പ്രവീണും. ഇരുവരും സെന്റ് ജോസഫ് ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ്. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും ഒരു കുഞ്ഞിന്റെ രക്ഷകരായത്. കട്ടപ്പനയിൽ നിന്നും രാജകുമാരിയിൽക്ക് സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ് ഇരുവരും.

അന്നത്തെ യാത്രയിൽ മധ്യപ്രദേശ് സ്വദേശികളായ ധ്യാൻസിങ്ങ്, അമരാവതി എന്നിവരും കുഞ്ഞിനൊപ്പം യാത്രികരായ ഉണ്ടായിരുന്നു. എന്നാൽ, യാത്രയ്ക്കിടെ കുഞ്ഞിന് വിറയൽ അനുഭവപ്പെടാൻ തുടങ്ങി. നെടുങ്കണ്ടത്ത് നിന്നും രാജകുമാരിക്കാണ് ഇവർ ടിക്കറ്റെടുത്തത്. കുഞ്ഞിന് വയ്യാതായതോടെ മാതാപിതാക്കളും മറ്റു യാത്രക്കാരും ആശങ്കയിലായി. എന്നാൽ, ഡ്രൈവർക്കും കണ്ടക്ടർക്കും അതിൽ സംശയം ഒന്നുമുണ്ടായിരുന്നില്ല.

Read also: പാതിയിൽ പാട്ടുനിന്നു, ഓർത്തെടുത്ത് ചുവടുകൾ പൂർത്തിയാക്കി മിടുക്കികൾ- ഒന്നാം സ്ഥാനം നേടിയ പ്രകടനം

പെട്ടെന്നുതന്നെ ബസ് രാജകുമാരിക്ക് വിട്ടു. ഇതിനിടയിലുള്ള അഞ്ചുകിലോമീറ്ററിൽ ഇറങ്ങാനുള്ള അനവധി യാത്രികർ ഉണ്ടായിരുന്നു. എന്നാൽ ആരും ഇറങ്ങണമെന്ന ആവശ്യം പറയാതെ കുഞ്ഞിന്റെ ജീവനായി നിന്നു. എല്ലാവരും രാജകുമാരിയിൽ എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമാണ് വാഹനത്തിൽനിന്നും ഇറങ്ങിയത്. പനി കൂടി ഫിറ്സ് ബാധിച്ചതായിരുന്നു കുഞ്ഞിനെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്തായാലും നാടിന്റെ ഹീറോസ് ആയിരിക്കുകയാണ് ടോബിൻ തോമസും, കെ ആർ പ്രവീണും.

Story highlights- bus employees rescued child