‘ലൂസിഫറിന് മൂന്നാം ഭാഗവുമുണ്ട്’- ആരാധകർക്ക് ആവേശമായി മുരളി ഗോപിയുടെ വാക്കുകൾ

മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു ‘ലൂസിഫർ’. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറി ചരിത്രവും രചിച്ചു. ആരാധകർ ഏറ്റെടുത്ത സിനിമയ്ക്ക് ‘എമ്പുരാൻ’ എന്ന പേരിൽ രണ്ടാം ഭാഗം എത്തുമെന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഇപ്പോൾ മറ്റൊരു പ്രഖ്യാപനമാണ് മുരളി ഗോപി നടത്തിയിരിക്കുന്നത്.

‘ലൂസിഫറി’ന് മൂന്നാം ഭാഗവും എത്തുമെന്ന് മുരളി ഗോപി പറയുന്നു. ചിത്രം ആദ്യം വെബ് സീരിസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മുരളി ഗോപി പറഞ്ഞു. മൂന്നാം ഭാഗവുമുണ്ടെന്നറിഞ്ഞതോടെ ആരധകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. അതേസമയം രണ്ടാം ഭാഗമായ ‘എമ്പുരാൻ’ 2021 അവസാനത്തോടെയാണ് ഷൂട്ടിംഗ് ആരംഭിക്കുക.

Read More:‘മമ്മൂക്കയോടൊപ്പം’- ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

മഞ്ജു വാര്യരായിരുന്നു ‘ലൂസിഫറി’ലെ നായിക. ടോവിനോ തോമസ്, സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.