‘കൊവിഡ് ആശുപത്രിക്കായി എന്റെ വീട് വിട്ടുതരാം’- സന്നദ്ധത അറിയിച്ച് കമൽ ഹാസൻ

കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സന്നദ്ധപ്രവർത്തനങ്ങളുമായി ഒട്ടേറെ പേർ മുന്നിട്ടുവരുന്നുണ്ട്. പ്രളയകാലമോ ദുരിതാശ്വാസ പ്രവർത്തനമോ പോലെ പുറത്തിറങ്ങി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിലും എല്ലാവരും പറ്റുന്നതുപോലെ സംഭാവനകളും സഹായങ്ങളും എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

സിനിമ താരങ്ങളും സന്നദ്ധപ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ട്. ഇപ്പോൾ കൊവിഡ് ആശുപത്രിക്കായി തന്റെ വീട് വിട്ടുനല്കാമെന്നു അറിയിച്ചിരിക്കുകയാണ് നടനും മക്കൾ നീതി മായം സ്ഥാപകനുമായ കമൽ ഹാസൻ. മക്കൾ നീതി മയ്യവുമായി സഹകരിക്കുന്ന ഡോക്ടർമാരെയും ചികിത്സയ്ക്കായി വിട്ടുനല്കാമെന്ന് അദ്ദേഹം അറിയിച്ചു.

ട്വിറ്ററിലൂടെയാണ് കമൽ ഹാസൻ സന്നദ്ധത അറിയിച്ചത്. വീഡിയോയിലൂടെ കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും താരം സംസാരിച്ചിരുന്നു.

അതേസമയം, കമൽ ഹാസനും കുടുംബവും സ്വയം ഐസൊലേഷനിൽ കഴിയുകയാണ്. കമൽ ഹാസനും ശ്രുതി ഹാസനും അക്ഷര ഹാസനും സാരികയും വെവ്വേറെ വീടുകളിലാണ് ചെന്നൈയിലും മുംബൈയിലുമായി ഐസൊലേഷനിൽ കഴിയുന്നത്.