തമിഴ്‌നാട്ടിൽ മഞ്ഞുമ്മൽ ബോയ്‌സ് തരംഗം; ‘ഗുണ’ റീ-റിലീസ് ചെയ്യണമെന്ന് തമിഴ് പ്രേക്ഷകർ

March 4, 2024

ഒരു സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്യുക എന്നത് ഇപ്പോള്‍ സാധാരണയാണ്. എന്നാല്‍ ഒരു ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാമ്പെയിന്‍ തന്നെ നടക്കുകയാണ് ഇപ്പോള്‍. കമല്‍ഹാസന്‍ നായകനായി എത്തിയ ‘ഗുണ’ എന്ന ചിത്രമാണ് വീണ്ടും റിലീസ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തി ‘മഞ്ഞുമ്മല്‍ ബോയ്സിന്റെ വരവാണ് അതിനിടയായിട്ടുള്ളത്. ( Tamil film audience demanding Gunaa re release )

മലയാളി പ്രക്ഷകര്‍ ഇരുകൈ നീട്ടി സ്വീകരിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും നിറഞ്ഞ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനത്തിന്റെ സാന്നിധ്യവുമൊക്കെയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നത്. കൂടെ റിലീസായ ജയം രവി ചിത്രവും കാളിദാസം ജയറാം ചിത്രവുമൊന്നും മഞ്ഞുമ്മലിന് വെല്ലുവിളിയായിട്ടില്ല.

‘ഗുണ’ റഫറന്‍സ് കാരണം മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രയും പ്രേക്ഷക പ്രീതി തമിഴ്‌നാട്ടില്‍ ലഭിക്കുന്നുണ്ടെങ്കില്‍ ‘ഗുണ’ റീ-റിലീസ് ചെയ്യാന്‍ ഇതിലും മികച്ച സമയം വേറെയില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
നിലവില്‍ തമിഴില്‍ മികച്ച ചിത്രങ്ങളുടെ റിലീസുകള്‍ ഇല്ലാത്തതും ചിത്രത്തിന് ഗുണം ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അതോടൊപ്പം തന്നെ പുതിയ തലമുറയ്ക്ക് ‘ഗുണ’ തിയേറ്ററില്‍ കാണാന്‍ അവസരം ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Read Also : ലോകമഹായുദ്ധങ്ങൾ മുതൽ കോവിഡ് വരെ; മലയാള സിനിമ അതിജീവിച്ചു കഴിഞ്ഞു, ഇനി വിജയനാളുകൾ..

1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസായിട്ടായിരുന്നു ഗുണ എത്തിയത്. സന്താനഭാരതിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് വേണുവാണ് ക്യാമറ ചലിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത് രജനികാന്ത്-മമ്മൂട്ടി ടീം ഒന്നിച്ച ദളപതിയുമായാണ് ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയ ഗുണ, നിരൂപക പ്രശംസ നേടി. എന്നാല്‍ അതുവരെ ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന ഒരിടത്തെ ഗുണ കേവ് ആക്കി മാറ്റുകയും തമിഴ്‌നാട്ടിലെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി മാറ്റിയതും കമല്‍ഹാസന്‍ ചിത്രമായിരുന്നു. ഏതായാലും പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് റി റിലീസ് ചെയ്യുമോയെന്ന് കാത്തിരുന്ന് കാണാം..


Story highlights : Tamil film audience demanding Gunaa re release