കാസർകോട് ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അഞ്ച് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം 57 ആയി. കേരളത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാസർകോട് ജില്ലയിലാണ്. അതേസമയം രോഗം സ്ഥിരീകരിച്ച ഒമ്പത് ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത ജനതാകർഫ്യു രാത്രി ഒമ്പത് മണിയ്ക്ക് ശേഷവും തുടരാൻ നിർദ്ദേശങ്ങൾ ഉണ്ട്. നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കതിരെ കർശനമായ നടപടികൾ സ്വീകരിക്കും.

അതേസമയം കാസർകോട് ജില്ല പൂർണമായും അടച്ച അവസ്ഥയിലാണ്. ആവശ്യസാധങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ളു. ഹോട്ടലുകളിലും സൂപ്പർമാർക്കറ്റുകളിലും കൂട്ടം കൂടാൻ അനുവദിക്കില്ല. സംസ്ഥാന അതിർത്തിയും അടച്ചു. വാഹനങ്ങൾക്ക് പുറത്തേക്ക് പോകാനോ അകത്തേക്ക് വരാനോ സാധ്യമല്ല.