ലോക്ക് ഡൗണിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പുവരുത്തണം, മാസ്കും സാനിറ്റൈസറും നിർബന്ധം: ഡിജിപി

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, കൊറോണ വൈറസിന്റെ സമൂഹവ്യാപനവും തടയുന്നതിനായി ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുകയാണ് പൊലീസ്. സംസ്ഥാനത്ത് വെയിലും ചൂടും കൊണ്ട് ലോക്ക് ഡൗൺ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലിസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഡിജിപി ലോക്‌നാഥ്‌ ബെഹ്റ.

പൊലീസുകാർക്ക് വിശ്രമം ലഭിക്കുന്നതിനായി ഷിഫ്റ്റ് ഏർപ്പെടുത്താനും, അടിയന്തിര ആവശ്യത്തിനായി ഒരു വിഭാഗം പൊലീസുകാരെ റിസർവ് ആയി നിർത്താനും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

റോഡിൽ ഡ്യൂട്ടിക്ക് ഏർപ്പെടുന്ന പൊലിസുകാർക്ക് മാസ്കും സാനിറ്റൈസറും നൽകണം. കൃത്യമായി ഭക്ഷണവും വെള്ളവും ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം. കൃത്യമായ ഇടവേളകളിൽ കൈ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണം. വാഹനപരിശോധന നടത്തുമ്പോൾ ആളുകളിൽ നിന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.