‘ലംഘിക്കാനാണ് ഭാവമെങ്കില്‍ കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം’; ട്രോള്‍ വീഡിയോയുമായി കേരളാ പൊലീസ്

കൊവിഡ് 19 വ്യാപനത്തിന് തടയിടാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

എന്നാല്‍ ലോക്ക് ഡൗണ്‍ പാലിക്കാതെ നിരത്തില്‍ ഇറങ്ങുന്നവരുടെ എണ്ണം ചെറുതല്ല. അതുകൊണ്ടുതന്നെ കേരളാ പൊലീസ് നിയന്ത്രണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ലംഘിക്കാനാണ് ഭാവമെങ്കില്‍ കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ പൊലീസ്. ഇത് വ്യക്തമാക്കുന്ന ഒരു ട്രോള്‍ വീഡിയോയും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസ് പങ്കുവെച്ചിട്ടുണ്ട്.

വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് തവണ വിലക്ക് ലംഘിച്ചാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കും.

ഇതിനുപുറമെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൃത്യമായ രേഖകളില്ലാതെ യാത്ര ചെയ്താല്‍ വാഹനം പിടിച്ചെടുക്കും. ഏപ്രില്‍ 14 ന് ശേഷമായിരിക്കും വാഹനം വിട്ടുനല്‍കുക. അവശ്യ സര്‍വീസുകള്‍ക്ക് പുറത്തിറുങ്ങുന്നവര്‍ പൊലീസ് നല്‍കിയ പാസോ സ്ഥാപനങ്ങളുടെ പാസോ ഹാജരാക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് നേരെ കേസെടുക്കും. ഇത്തരക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്യും.

എന്നാല്‍ എത്ര വിലക്കിയിട്ടും നിരവധിയാളുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇവരെ ബോധവല്‍കരിച്ചും അഭ്യര്‍ത്ഥിച്ചും പൊലീസ് മടക്കി അയക്കുന്ന കാഴ്ചകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 2535 പേരാണ് അറസ്റ്റിലായത്.