“അയ്യപ്പന്‍ നായരുടെ ചവിട്ട് കൊണ്ട കുട്ടമണിയുടെ അവസ്ഥ”; സിനിമാ അനുഭവം ഓര്‍ത്തെടുത്ത് സാബുമോന്‍

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയതും.

ചിത്രത്തില്‍ സാബുമോനും ഒരു പ്രധാന കഥാപാത്രമായെത്തി. താരം അവതരിപ്പിച്ച കുട്ടമണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അയ്യപ്പന്‍ നായരെന്ന മുണ്ടൂര്‍ മാടന്റെ കൈയില്‍ നിന്നും കുട്ടമണിക്ക് കിട്ടിയ അടി ചെറുതല്ല. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ അടിരംഗത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സാബുമോന്‍.

തല്ലിന് ശേഷം തന്റെ കൈയില്‍ ഉണ്ടായ പരിക്കുകളുടെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി അര്‍പ്പണ ബോധത്തോടെ അഭിനയിച്ച താരത്തെ നിരവധിപ്പേരാണ് പ്രശംസിക്കുന്നത്. ‘അയ്യപ്പന്‍ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ’ എന്നു കുറിച്ചുകൊണ്ടാണ് സാബുമോന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും.

സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.