സാമൂഹിക അകലം പാലിക്കുന്നതിൽ മാതൃകയായി ഒരു റേഷൻ കട ഉടമ; സാധനങ്ങൾ നൽകുന്നത് പിവിസി പൈപ്പിലൂടെ

March 26, 2020

കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമായുള്ളത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിൽ കേരളക്കരയ്ക്ക് മുഴുവൻ മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു റേഷൻ കട ഉടമ. തിരുവനന്തപുരം വെണ്പാലവട്ടത്തെ സുകുമാരന്റെ റേഷൻ കടയാണ് കൊറോണക്കാലത്ത് അല്പം കൗതുകവും അതിലേറെ കാര്യവും നിറച്ച് എല്ലാവർക്കും മാതൃകയായിരിക്കുന്നത്.

റേഷൻ കടയിൽ എത്തുന്നവർക്ക് നേരിട്ട് സാധനങ്ങൾ എടുത്ത് നൽകുന്നതിന് പകരം പിവിസി പൈപ്പിലൂടെയാണ് സാധനങ്ങൾ നൽകുന്നത്. സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്താണ് ഇങ്ങനെ ഒരു പ്രവർത്തി നടപ്പിലാക്കുന്നത്. എന്തായാലും റേഷൻ കട ഉടമ സുകുമാരന്റെ ഈ ആശയത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റേഷൻ കടകളും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ തുറന്നുപ്രവർത്തിക്കുന്നുള്ളു. രാജ്യത്ത് മൂന്നാഴ്ചത്തേക്കാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ. അതോടൊപ്പം കടുത്ത നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും നിർദ്ദേശങ്ങൾ ഉണ്ട്.