വീട്ടിൽ സ്ഥലമില്ല, മരത്തിന് മുകളിൽ ക്വാറന്റീൻ സൗകര്യം ഒരുക്കി ഒരുകൂട്ടർ

March 29, 2020

രാജ്യം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി നിരവധി സജ്ജീകരണങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരോട് സ്വയം ഹോം ക്വാറന്റീനിൽ പോകാനാണ് അധികൃതരും ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ വീടുകളിൽ സൗകര്യം ഇല്ലാത്തതിനാൽ മരത്തിന് മുകളിൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം ബംഗാൾ സ്വദേശികൾ.

പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തിലാണ് ഒരു കൂട്ടം യുവാക്കൾ മരത്തിന് മുകളിൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ ഏഴ് പേർ മരത്തിന് മുകളിലാണ് താമസിക്കുന്നത്. പത്തടി ഉയരത്തിൽ മരത്തിന് മുകളിൽ ചെറിയ വീടുകൾ ഉണ്ടാക്കി അതിലാണ് ഇവർ താമസിക്കുന്നത്. കൊതുകുവലകളും കിടക്കകളും പ്ലഗ് പോയിന്റും ലൈറ്റും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും മാത്രമാണ് ഇവർ താഴേക്ക് ഇറങ്ങുന്നത്. ചെന്നൈയിൽ നിന്നുമെത്തിയ ഇവരോട് സ്വയം ഹോം ക്വാറന്റീനിൽ പോകാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. വീടുകളിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ ഗ്രാമവാസികളാണ് ഇവർക്ക് മരത്തിന് മുകളിൽ ചെറുമാടങ്ങൾ ഒരുക്കി നൽകിയിരിക്കുന്നത്.