നായയെ രക്ഷിക്കാൻ ഐസ് നിറഞ്ഞ തടാകത്തിൽ ഇറങ്ങി യുവതി; ഊഷ്മളം ഈ വീഡിയോ

March 11, 2020

മനുഷ്യനെപോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് സകല ജീവജാലങ്ങളും. അതുകൊണ്ടുതന്നെ ഓരോ ജീവനും വിലപ്പെട്ടതാണ്. ഇപ്പോഴിതാ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയാകുകയാണ് ഒരു യുവതി.

ഐസ് നിറഞ്ഞ തടാകത്തിൽ വീണ തണുത്തുവിറച്ച നായയെ രക്ഷിക്കാൻ തടാകത്തിൽ ഇറങ്ങിയ യുവതിയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടി നേടുന്നത്. തടാകത്തിൽ വീണുകിടക്കുന്ന നായയെക്കണ്ട യുവതി മറ്റൊന്നും ആലോചിക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഐസ് പാളികൾ നീക്കി നീന്തി നായയുടെ അടുത്തേക്ക് എത്തിയാണ് അവർ നായയെ രക്ഷിച്ചത്.

ഐ എഫ് എസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചത്. “ഒരു മൃഗത്തെ രക്ഷിക്കുന്നത് അത്ര വലിയ കാര്യമല്ല. പക്ഷെ എല്ലാവരും ഒരുപോലെയാണെന്ന് സൂചിപ്പിക്കുകയാണ് ഈ യുവതി. അതും ഒരു ജീവനാണ്. തണുത്ത ഐസ് പാളികൾ വകഞ്ഞുമാറ്റി നായയെ രക്ഷിച്ച യുവതിയുടെ പ്രവർത്തികൾ തികച്ചും അഭിനന്ദനാർഹമാണ്’ സുശാന്ത നന്ദ കുറിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. യുവതിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.