‘മണി ഹീസ്റ്റ്’ ആരാധകരുടെ ഇഷ്ടഗാനം ‘ബെല്ലാ ഛാവോ’യുമായി അഹാന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വെബ് സീരീസ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ് മണി ഹീസ്റ്റ് അടുത്ത സീസണിന് വേണ്ടി.. നൈലോബിയുടെ മരണം സൃഷ്ടിച്ച വേദനയും, പൊലീസ് ഓഫീസറുടെ മുന്നിലെ പ്രൊഫസറുടെ ഓരോ നീക്കങ്ങളും പ്രേക്ഷകരെ ആകാംഷയുടെയും ഭീതിയുടെയും മുൾമുനയിൽ നിർത്തിയിരുന്നു.

വെബ് സീരിസിലെ ഓരോ കഥാപാത്രത്തെയും പോലെത്തന്നെ ആരാധകർ ഏറ്റെടുത്തതാണ് ‘ബെല്ലാ ഛാവോ’ എന്ന സ്പാനിഷ് ഗാനവും. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഗാനം പാടുന്നത് ഒരു ചലഞ്ചായും മാറിയിരുന്നു. ഇപ്പോഴിതാ ബെല്ലാ ഛാവോ പാടി ശ്രദ്ധ നേടിയിരിക്കുകയാണ് ചലച്ചിത്രതാരം അഹാന കൃഷ്ണകുമാര്‍. അഹാന തന്നെയാണ് പാട്ട് പാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതും.

‘കൈനീട്ടം കിട്ടിയില്ല അതുകൊണ്ട് വീട് കൊള്ളയടിക്കാന്‍ പോവുകയാണ്’ എന്നുപറഞ്ഞ് മണി ഹീസ്റ്റ് മുഖംമൂടി അണിഞ്ഞ് നിൽക്കുന്ന അഹാനയുടെ ചിത്രങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനു പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം അഹാന മികവ് തെളിയിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് 19 നെ ചെറുക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീട്ടില്‍ത്തന്നെയാണ് അഹാനയും. അതിനാൽ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.