ലോക്ക് ഡൗണ്‍കാലത്ത് ചക്കയിടാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്… ‘ബി-നെഗറ്റീവ് ടു ബി പോസിറ്റീവ്’: വൈറലായി ഹ്രസ്വചിത്രം

April 24, 2020

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രയത്‌നത്തിലാണ് നാടും നഗരവുമെല്ലാം. സാമൂഹികമായ അകലം പാലിക്കുകയും വ്യക്തി ശുചിത്വവുമാണ് ഈ വൈറസിനെ ചെറുക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. എല്ലാവരോടും വീടുകളില്‍ തന്നെ കഴിയണമെന്ന് ആവശ്യപ്പെടുമ്പോഴും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരും നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ കൊവിഡിനെക്കുറിച്ചുള്ള ബോധവല്‍ക്കരണങ്ങളും മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്.

ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജീവിതങ്ങളിലൂടെ കൊവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഒരു ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ‘ബി-നെഗറ്റീവ് ടു ബി പോസിറ്റീവ്’ എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം മഹത്തായ സന്ദേശമാണ് നല്‍കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ചക്കയിടാന്‍ പോയ വ്യക്തിയിലൂടെയാണ് കഥയുടെ സഞ്ചാരം. ലോക്ക് ഡൗണ്‍ അവസാനിച്ച് ജനങ്ങള്‍ സാധാരണ ജീവിതം നയിക്കാന്‍ തുടങ്ങുന്നതുവരെ എല്ലാവരും വീടുകളില്‍ കഴിയണമെന്നാണ് ചിത്രം പകരുന്ന സന്ദേശം.

തൃശ്ശൂര്‍ സിറ്റി പൊലീസാണ് ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം. സിന്റോ സണ്ണിയും ജോബി ചുവന്നമണ്ണും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ കലാഭവന്‍ സതീഷും, പൊലീസ് ഉദ്യോഗസ്ഥരുമാണ് അഭിനയിച്ചിരിക്കുന്നത്. മുജീബ് ക്യാമറയും ജിജു പൂവന്‍ചിറ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.