പൊലീസ് മാമന്മാരെ പറ്റിച്ച് കൊറോണയെ കാണാൻ പറ്റിയില്ലെങ്കിലെന്താ, വേറൊരു വഴിയുണ്ട്!- പുതിയ അടവുമായി കൊച്ചുമിടുക്കി; വീഡിയോ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഹിറ്റ് ആയ കുറുമ്പിയാണ് നാലര വയസുകാരി വേദിക. കക്ഷിക്ക് കൊറോണയെ ഒന്ന് കാണണം, അതിന് പൊലീസിന്റെ ഉടുപ്പിട്ട് പോകണം എന്നൊക്കെയായിരുന്നു മോഹം. അച്ഛൻ പ്രവീണുമായി സംസാരിക്കുന്ന രസകരമായ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വേദികയുടെ വീഡിയോ കേരള പൊലീസും ഏറ്റെടുത്തിരുന്നു. ഞങ്ങളെ അങ്ങനെയൊന്നും പറ്റിക്കാൻ നോക്കണ്ട എന്ന് വീഡിയോ പങ്കുവെച്ച് കേരള പൊലീസ് അറിയിച്ചു. എന്തായാലും പൊലീസ് അറിഞ്ഞെന്നു വെച്ച് കൊറോണയെ കാണാനുള്ള കൊതി വേദികമോൾ മാറ്റി വെച്ചിട്ടില്ല. ഇപ്പോൾ അടുത്ത അടവുമായി വന്നിരിക്കുകയാണ്.

കോട്ടൊക്കെ ഇട്ട് പോയാൽ മതിയെന്നാണ് ഇപ്പോൾ പറയുന്നത്. അബുദാബിയിലാണ് വേദിക അച്ഛനും അമ്മ ധനുശ്രീക്കും സഹോദരി നന്ദനയ്ക്കും ഒപ്പം താമസിക്കുന്നത്. വീഡിയോ വൈറലായ കാര്യവും പൊലീസ് അറിഞ്ഞ കാര്യവുമൊക്കെ വേദികയ്ക്ക് അച്ഛൻ പ്രവീൺ പറഞ്ഞു കൊടുക്കുമ്പോൾ, ഞാനൊക്കെ പഴയതൊക്കെ മറക്കില്ലേ, അതുപോലെ കുറെ കഴിയുമ്പോൾ പൊലീസുകാരും ആ കാര്യം അങ്ങ് മറന്നോളും എന്നാണ് മിടുക്കിയുടെ മറുപടി. ഫ്ളവേഴ്സ് ടിവിയില്‍ മോളുടെ വീഡിയോ അച്ഛന്‍ കണ്ടു എന്നു പറയുമ്പോള്‍ ഈ മിടുക്കി നിറഞ്ഞു പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.