‘ചാന്‍സ് ചോദിക്കാന്‍ മാളയില്‍ നിന്നും ചാണക ലോറിയുടെ പിന്നില്‍ നിന്നുകൊണ്ട് കൊച്ചിയിലേയ്ക്ക് യാത്ര’; ജോജുവിനെക്കുറിച്ച് സംവിധായകന്‍ ജിയോ ബേബി

വെള്ളിത്തിരയില്‍ ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കുന്ന ചലച്ചിത്ര താരങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളിലും ഇടം നേടാറുണ്ട്. വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ പ്രിയതാരം ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍.

Read more: നിറപുഞ്ചിരിയുമായി മുത്തശ്ശിയുടെ നൃത്തം; പ്രായത്തെ വെല്ലുന്ന പ്രകടനത്തിന്‍ സോഷ്യല്‍മീഡിയയുടെ നിറഞ്ഞ കൈയടി

കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു ജോജു ജോര്‍ജ്. എന്നാല്‍ സിനിമാ ലോകത്തേയ്ക്ക് എത്താന്‍ താരമെടുത്ത കഷ്ടപ്പാടുകളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്‍ ജോജുവിനെക്കുറിച്ച് ഹൃദയംതൊടുന്ന വാക്കുകള്‍ പങ്കുവെച്ചത്. സിനിമാലോകത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ജോജു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

25 വര്‍ഷങ്ങള്‍… ഒരിക്കല്‍ ജോജു ചേട്ടന്‍ പറഞ്ഞതാണ്. ‘മാളയില്‍ നിന്ന് ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്. ഷര്‍ട്ടില്‍ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാന്‍ഒരു പാട് കഷ്ടപ്പാടാണ്. ലോറിയില്‍ നിന്ന് ഇറങ്ങികഴിഞ്ഞാല്‍ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്’.

അങ്ങനെ വന്നതാണ് സിനിമയില്‍. വന്നിട്ട് 25 വര്‍ഷങ്ങള്‍ ആയി…അതുകൊണ്ട് ഇവിടെ തന്നെ കാണും… അവാര്‍ഡുകള്‍ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്… എനിക്ക് മുത്താണ്. എന്ത് പ്രശ്‌നം വന്നാലും വിളിക്കാന്‍ ഉള്ള മനുഷ്യന്‍ ആണ് ജോജു ചേട്ടന്‍. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും…