‘ഇപ്പോൾ ഏറ്റവുമധികം സംസാരിക്കുന്നത് പൃഥ്വിരാജിനോടാണ്; പൃഥ്വിയെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും പറയാൻ ശ്രമിക്കും’- ദുൽഖർ സൽമാൻ

‘ആടുജീവിതം’ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജ്, ബ്ലസി എന്നിവരടങ്ങുന്ന സംഘത്തിന് ലോക്ക് ഡൗൺ കാരണം ഇന്ത്യയിലേക്ക് മടങ്ങാനും ഷൂട്ടിങ് തുടരാനും സാധിക്കാത്ത അവസ്ഥയിലാണ്. സിനിമ താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം നിരന്തരം ഇവരെ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം സംസാരിക്കുന്നത് പൃഥ്വിരാജിനോടാണെന്ന് പറയുകയാണ് നടൻ ദുൽഖർ സൽമാൻ.

‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജിനോട് സംസാരിക്കാറുണ്ട്. വളരെ ദുഃഖകരമാണ് അവരുടെ കാര്യം. എപ്പോൾ മടങ്ങാനാകുമെന്നും അറിയില്ല. സംഘത്തിൽ ആർക്കും അസുഖം ഒന്നുമില്ലെങ്കിലും ഇങ്ങനെ കഴിയേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. ഈ സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാൻ പട്ടിണി കിടന്നിട്ടുണ്ട്. ആറുമാസത്തോളമെടുത്താണ് ഈ ചിത്രത്തിനായി തയ്യാറെടുത്തത്. എന്നിട്ട് ചിത്രീകരിക്കാൻ സാധിക്കാതെ വരുന്നത് സങ്കടകരമാണ്’. ദുൽഖർ പറയുന്നു.

ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടെന്നും വിശേഷങ്ങൾ തിരക്കാറുണ്ടെന്നും ദുൽഖർ പറയുന്നു.’രണ്ടു ദിവസം കൂടുമ്പോൾ വിളിക്കാറുണ്ട്. അല്ലെങ്കിൽ മെസ്സേജ് എങ്കിലും അയക്കും. ഇത്രയും കാലം പൃഥ്വിയുമായി ബോണ്ട് ചെയ്യാൻ സാധിക്കാതെ പോയതെന്താണെന്ന് അറിയില്ല. പക്ഷെ ഇപ്പോളത് സംഭവിച്ചതിൽ സന്തോഷമുണ്ട്. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും പറയാൻ ശ്രമിക്കും’.

വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് ഇവർ ജോർദാനിൽ കുടുങ്ങിയത്. ഷൂട്ടിങ്ങും തുടരാൻ സാധിച്ചില്ല. മെയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിച്ച് പൊതുഗതാഗതമാർഗങ്ങൾ പുനഃരാരംഭിച്ചാൽ മാത്രമേ ഇവർക്ക് ഇന്ത്യയിലേക്ക് എത്താൻ സാധിക്കൂ.