“ചില മുറിവ് ഒരിക്കലും ഉണങ്ങില്ല”, മകള്‍ നന്ദനയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ കെ എസ് ചിത്ര

മരണത്തെ രംഗ ബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. പലപ്പോഴും അങ്ങനെയാണ്. അത്രമേല്‍ പ്രിയപ്പെട്ടവരെ പെട്ടെന്ന് അങ്ങ് മരണം കവര്‍ന്നെടുക്കും. ഭൂമിയില്‍ അവരുടെ ഓര്‍മ്മകള്‍ മാത്രം ബാക്കിയാകും. മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ മകളുടെ മരണവും കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരുന്നു. മകള്‍ നന്ദനയുടെ വേര്‍പാടിനെക്കുറിച്ച് ഹൃദയംതൊടുന്ന വാക്കുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്ര.

‘ഞാന്‍ കേട്ടിട്ടുണ്ട്, എല്ലാ ജന്മങ്ങള്‍ക്കും ഒരോ ലക്ഷ്യമുണ്ടെന്ന്, ലക്ഷ്യം പൂര്‍ത്തീകരിച്ചതിന് ശേഷം ഓരോ ജന്മവും ലോകം വിട്ടുപോകുമെന്നും. സമയം മുറിവുകള്‍ ഉണക്കുമെന്നും ആളുകള്‍ പറയുന്നു. എന്നാല്‍ അത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോയ ഒരാള്‍ക്ക് മനസിലാകും അത് ഒരിക്കലും സാധ്യമല്ല എന്ന സത്യം. ആ മുറിവ് ഉണങ്ങിയിട്ടില്ല. ഇപ്പോഴും അത് വേദനിക്കുന്നുണ്ട്. മിസ് യു നന്ദന’ മകളുടെ വേര്‍പാടിനെക്കുറിച്ച് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

2002-ല്‍ ആയിരുന്നു നന്ദനയുടെ ജനനം. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകളായി നന്ദന ജനിക്കുന്നത്. എന്നാല്‍ എട്ടാമത്തെ വയസില്‍ ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് മരണത്തിന് കീഴടങ്ങേണ്ടി വന്നു ആ കുരുന്നിന്. 2011 ഏപ്രില്‍ 14ന് ആയിരുന്നു നന്ദനയുടെ മരണം.