‘അച്ഛാ, അതല്ലേ എന്റെ അമ്മ..?’- ആദ്യ ചിത്രത്തിന്റെ വിഷു ഓർമകളുമായി കാളിദാസ് ജയറാം

20 വർഷങ്ങൾക്ക് മുൻപുള്ള ഒരു വിഷു ദിനത്തിലായിരുന്നു, കാളിദാസ് ജയറാം ആദ്യമായി അഭിനയിച്ച ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ തിയേറ്ററുകളിൽ എത്തിയത്. വലിയ മാർക്കറ്റിങ് തന്ത്രങ്ങളൊന്നും ഇല്ലാതെ സിനിമകൾ ഇറങ്ങിയിരുന്ന അക്കാലത്ത് പത്രത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യങ്ങളായിരുന്നു ആകെയുള്ള പ്രൊമോഷൻ. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ അങ്ങനെയൊരു പരസ്യം പങ്കുവയ്ക്കുകയാണ് കാളിദാസ് ജയറാം.

ഒരു വിഷുദിനത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ ഓർമ്മകൾ കാളിദാസ് പുതുക്കിയപ്പോൾ ആളുകൾ ശ്രദ്ധിച്ചത് പരസ്യത്തിലെ വാചകമായിരുന്നു.

‘സീതാലക്ഷ്മിയെ നോക്കി ഇടറിയ ശബ്ദത്തിൽ ജയറാം കാളിദാസിനോട് പറഞ്ഞു; മോനേ, ഇതാണ് നിന്റെ അമ്മ! ക്യാമറയുടെ പുറകിൽ മകന്റെ അഭിനയം ശ്രദ്ധാപൂർവ്വം കണ്ടു നിന്ന പാർവ്വതിയെ ചൂണ്ടി കാളിദാസ്‌ ചോദിച്ചു, അച്ഛാ, അതല്ലേ എന്റെ അമ്മ..?’- ഇതായിരുന്നു പരസ്യത്തിലെ വാചകം. സീതാലക്ഷ്മി എന്ന കഥാപാത്രമായി ലക്ഷ്മി ഗോപാലസ്വാമിയാണ് അഭിനയിച്ചത്.

ലോക്ക് ഡൗൺ ആയതുകൊണ്ട് കാളിദാസ്, കുടുംബത്തോടൊപ്പം വീട്ടിൽ തന്നെയാണുള്ളത്. വിഷു സദ്യയുടെ ഒരുക്കങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.