‘ലോകം മുഴുവന്‍ സുഖം പകരാനായി…’ പലയിടങ്ങളില്‍ ഇരുന്ന് അവര്‍ ഒരുമിച്ച് പാടി: വീഡിയോ

വലിയൊരു പോരാട്ടത്തിലാണ് ലോകം, കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറേണ വൈറസ് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചുകൊണ്ട് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കൊവിഡ് 19-ല്‍ ദുഃഖം അനുഭവിക്കുന്ന ലോകത്ത് സമാധാനവും സന്തോഷവും തിരികെയത്താന്‍ ആഗ്രഹിച്ചുകൊണ്ട് മലയാളത്തിലെ ചില ഗായകരെല്ലാം ഒരുമിച്ച് പാടിയിരിക്കുകയാണ്.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയരായ ഗായകര്‍ ചേര്‍ന്നാണ് ആലാപനം. പല ഇടങ്ങളില്‍ ഇരുന്ന് പാട്ടിന്റെ ഓരോ വരി വീതം അവര്‍ പാടി. ‘ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹദീപമേ മിഴി തുറക്കൂ…’ എന്ന ഗാനമാണ് ഗായകര്‍ ചേര്‍ന്ന് പാടിയത്.

‘ഞങ്ങള്‍ കുറച്ചു പാട്ടുകാര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു പാട്ടിന്റെ വരികള്‍ അവരവരുടെ വീടുകളിലിരുന്ന് നിങ്ങള്‍ക്കു വേണ്ടി പാടുകയാണ്. ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുവാനും കൊറോണ വൈറസ് ബാധ ഒഴിയാനുള്ള ഒരു പ്രാര്‍ത്ഥന ആയിട്ടും ഈ പാട്ട് ഞങ്ങള്‍ സമര്‍പ്പിക്കുന്നു’. കെ എസ് ചിത്രയുടെ ഈ വാക്കുകളിലൂടെയാണ് വീഡിയോ ആരംഭിയ്ക്കുന്നത്. തുടര്‍ന്ന് ഗായിക സുജാത പാട്ടിന്റെ ആദ്യ വരി ആലപിക്കുന്നു. മറ്റ് ഗായകര്‍ ഒപ്പം കൂടുന്നു. സച്ചിന്‍ വാര്യരാണ് ഗാനം അവസാനിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു വ്യത്യസ്തമായ ഈ ആലാപനം.