‘നോക്കൂ അർച്ചന, ഈ സംവൃതയെ കാണാൻ എന്തൊരു ഭംഗിയാണ്..’- റിമയുടെ കമന്റിന് മറുപടി നൽകി സംവൃത

മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. അഭിനയവും ശാലീനതയും കൊണ്ട് ഒട്ടേറെ ആരാധകരെ സമ്പാദിച്ച സംവൃത വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. ബിജു മേനോന്റെ നായികയായി ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരുന്നു.

ഇപ്പോൾ സംവൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമാ കല്ലിങ്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘നീലത്താമര’ എന്ന ചിത്രത്തിൽ സംവൃത സുനിലും അർച്ചന കവിയും റിമ കല്ലിങ്കലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മൂന്നുപേരും പാടത്ത് കൂടി നടക്കുന്ന ചിത്രമാണ് റിമ കല്ലിങ്കൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

‘കണ്ടോ അർച്ചന, നമ്മളൊക്കെ പാടത്തു കൂടി തപ്പിത്തടഞ്ഞു നടക്കാൻ നോക്കുമ്പോൾ ഈ സംവൃതയെ കാണാൻ എന്തൊരു ഭംഗിയാണ്..’ റിമ കല്ലിങ്കൽ കുറിക്കുന്നു. ഈ വാക്കുകൾ പിന്തുണച്ച് അർച്ചന കവിയും രംഗത്ത് എത്തി. നിങ്ങളെന്റെ ഒരു ദിനം മനോഹരമാക്കിയെന്നാണ് സംവൃതയുടെ കമന്റ്റ്. എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.