‘ഈ അസഹനീയ സമയത്ത് മാനത്ത് തെളിഞ്ഞ ഇരട്ട മഴവില്ല് എന്തെങ്കിലും അടയാളമാണോ?’- പ്രതീക്ഷയോടെ സുപ്രിയ

മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാണ രംഗത്തേക്ക് കടന്ന ഭാര്യ സുപ്രിയ മേനോൻ, സമൂഹ മാധ്യമങ്ങളിലെ ശ്രദ്ധേയ കേന്ദ്രമാണ്. ‘ആടുജീവിത’ത്തിനായി ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജിന്റെ വിശേഷങ്ങൾ അറിയാനും, സുരക്ഷിതനാണോ എന്ന് അന്വേഷിക്കാനും ആരാധകർ സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് എത്തറുള്ളത്.

ഇപ്പോൾ കൊച്ചിയുടെ ആകാശത്ത് തെളിഞ്ഞ ഇരട്ട മഴവില്ലിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ. അതിനൊപ്പം പ്രതീക്ഷ നിറയുന്ന വാക്കുകളും ഉണ്ട്.

‘മരണത്തിന്റെയും രോഗത്തിന്റെയും വാർത്തകൾ മാത്രം നിറയുന്ന അസഹനീയ സമയത്ത് നല്ല ദിവസങ്ങളുടെ സൂചന നൽകി ആകാശത്ത് തെളിഞ്ഞ ഇരട്ട മഴവില്ല്.. ഇത് മുകളിൽ നിന്നുള്ള അടയാളമാണോ?’ പൃഥ്വിക്കായി കാത്തിരിക്കുന്നു എന്ന ഹാഷ്‌ടാഗോടെയാണ് സുപ്രിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഫ്രിഡ്ജ് മാഗ്നറ്റിൻറെ ചിത്രവുമായി രസകരമായ കുറിപ്പ് സുപ്രിയ പങ്കുവെച്ചിരുന്നു. ആയിരം കാതമകലെയാണെങ്കിലും ഫ്രിഡ്ജ് ഡോറിലെങ്കിലും ഒന്നിക്കാൻ പറ്റിയല്ലോ എന്നായിരുന്നു സുപ്രിയ കുറിച്ചത്.