‘ട്രാന്‍സ്’ ക്ലൈമാക്‌സിലെ ആംസ്റ്റര്‍ഡാം രംഗങ്ങള്‍ ചിത്രീകരിച്ചത് ഫോര്‍ട്ട് കൊച്ചിയില്‍

April 15, 2020

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയവിസ്മയമൊരുക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തിയ ട്രാന്‍സ് എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രേക്ഷകസ്വീകാര്യത നേടി. ദൃശ്യമികവിലും ഏറെ മികച്ചുനിന്ന ചിത്രമായിരുന്നു ട്രാന്‍സ്.

ഫോര്‍ട്ട് കൊച്ചിയെ ആംസ്റ്റര്‍ഡാമിലെ റെഡ്‌ലൈറ്റ് ഡിസ്ട്രിക്ട് ആക്കുകയായിരുന്നു ചിത്രത്തിനു വേണ്ടി. സിനിമയുടെ ക്ലൈമാക്‌സ് രംഗമാണ് ഇവിടെ ചിത്രീകരിച്ചത്. ആംസ്റ്റര്‍ഡാമിലെ റെഡ്‌ലൈറ്റ് ഡിസ്ട്രിക്ടില്‍ ഷൂട്ടിങ് അനുവദനീയമല്ല. അതിനാല്‍ ഫോര്‍ട്ട് കൊച്ചിയെ ആംസ്റ്റര്‍ഡാം ആയി ഒരുക്കിയെടുക്കുകയായിരുന്നു ചിത്രത്തിന്റെ കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി.

അന്‍വര്‍ റഷീദാണ് ട്രാന്‍സിന്റെ സംവിധായകന്‍. സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും അണിനിരന്നു. നസ്രിയ, തമിഴ് സംവിധായകന്‍ ഗൗതം മേനോനന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more: ഇങ്ങനെയൊരു കഥ പറച്ചില്‍ മുന്‍പ് കേട്ടിട്ടുണ്ടാവില്ല, അത്ര മനോഹരം; സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന് ഒരു കഥയും കുരുന്ന് കഥാകാരിയും

അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്. സാങ്കേതികമികവിലും ‘ട്രാന്‍സ്’ ഏറെ മികച്ചുനില്‍ക്കുന്നു.