അകലങ്ങളിലിരുന്ന് ബാലുവും നീലുവും കുട്ടികളും ഒന്നിച്ചു; ‘ഉപ്പും മുളകും’ വീണ്ടും പ്രേക്ഷകരിലേയ്ക്ക്

അടുക്കളയില്‍ നിന്നും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് സ്ഥാനക്കയറ്റം നടത്തിയതാണ് ഫ്‌ളവേഴ്സ് ടിവിയിലൂടെ ‘ഉപ്പും മുളകും’ എന്ന വാക്ക്. അത്രമേല്‍ പ്രേക്ഷക സ്വീകാര്യത നേടി ഫ്‌ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും പരിപാടി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍…

എന്നാല്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലുകളെല്ലാം വിനോദപരിപാടികളുടെ ചിത്രീകരണവും സംപ്രേക്ഷണവുമെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ പരീക്ഷണത്തിന് മുതിര്‍ന്നു ഫ്‌ളവേഴ്സ് ടിവി. അഭിനേതാക്കള്‍ പരസ്പരം കാണാതെ അകലങ്ങളില്‍ ഇരുന്ന് ഒരുമിച്ചു. പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തിയതാകട്ടെ സുന്ദരമായ ഒരു ഉപ്പും മുളകും സ്‌പെഷ്യല്‍ എപ്പിസോഡും.

സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടത്തിയത്. ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയും പാറുക്കുട്ടിയുമെല്ലാം വിവിധ ഇടങ്ങളിലാണ്. എന്നാല്‍ സ്‌ക്രീനില്‍ അവരെല്ലാം ഒരുമിച്ചെത്തി. കൊറോണക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ലോക്ക് ഡൗണിനെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് ഈ എപ്പിസോഡില്‍.