‘ഒരുപാട് വിഷമവും ആശങ്കയും’; സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ പ്രതികരിച്ച് ടൊവിനോ തോമസ്

minnal murali

സിനിമ ചിത്രീകരണത്തിനായി ഒരുക്കിയ സെറ്റ് പൊളിച്ചുനീക്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടൻ ടൊവിനോ തോമസ്. ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിന്നൽ മുരളി എന്ന ചിത്രത്തിനായി ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് സാമൂഹ്യ വിരുദ്ധർ പൊളിച്ചു നീക്കിയത്.

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും, ഞങ്ങളുടേതുൾപ്പെടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിംഗ് എന്ന് ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തത്. അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.

Read also: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയി; മരണം 4000 കടന്നു

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌..

ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും. അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.