‘ശോ, ഇതിപ്പോൾ എങ്ങനെയാ ഒന്ന് കെട്ടുന്നത്?’; മാസ്‌ക് ധരിക്കാൻ കഷ്ടപ്പെട്ട് ഒരു കുറുമ്പി- രസകരമായ വീഡിയോ

ഇനിയുള്ള കാലം മാസ്‌ക് നമ്മുടെയൊക്കെ ജീവിതത്തിൻറെ ഭാഗമാകുകയാണ്. മാസ്ക് അണിയാതെ പുറത്തിറങ്ങാൻ പാടില്ലെന്ന് കർശന നിർദേശവുമുണ്ട്. കുട്ടികളെയും ഇത്തരം കാര്യങ്ങൾ ശീലിപ്പിക്കേണ്ടതുണ്ട്. പുതിയ ഒരു കാര്യം ജീവിതത്തിലേക്ക് വരുമ്പോൾ പൊരുത്തപ്പെടാൻ കുറച്ച് പ്രയാസമാണ്. ഇപ്പോൾ മാസ്‌ക് അണിയാൻ പാടുപെടുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടി തനിയെ മാസ്‌ക് അണിയാൻ ശ്രമിക്കുകയാണ്. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ചെവിയിലേക്ക് ചേർത്ത് കെട്ടാൻ പറ്റുന്നില്ല. എങ്കിലും ശ്രമം ഉപേക്ഷിക്കാതെ തുടരുകയാണ്. ഒടുവിൽ അമ്മ തന്നെ മുഖത്ത് മാസ്‌ക് ധരിപ്പിച്ചു കൊടുക്കേണ്ടി വന്നു.

മാസ്‌ക് ധരിക്കാനുള്ള കുട്ടിയുടെ ശ്രമം വളരെ രസകരമാണ്. അനിൽ തലക്കോട്ടുകര എന്ന വെഡിങ്ങ് ഫോട്ടോഗ്രാഫർ അവിചാരിതമായി പകർത്തിയ വീഡിയോ ആണിത്. ചൈനയിൽ നിന്നും അടുത്തിടെ മാസ്‌ക് ധരിച്ച് ബിസ്‌കറ്റ് കഴിക്കാൻ ശ്രമിച്ച കുട്ടിയുടെ വീഡിയോ വൈറലായിരുന്നു.

Story highlights- Girl trying to wear mask