സാറയായ് മംമ്ത; ശ്രദ്ധനേടി സൈക്കോളജിക്കൽ ത്രില്ലർ ലാൽബാഗ് ട്രെയ്‌ലർ

മംമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽബാഗ്. പ്രശാന്ത് മുരളിതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചലച്ചിത്രതാരം മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.

ബംഗളൂരുവിൽ നടക്കുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്. സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മംമ്ത അവതരിപ്പിക്കുന്നത്. ഒരു ബർത്ത്ഡേ പാർട്ടിക്കിടെ ഉണ്ടാകുന്ന കൊലപാതകവും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് ലാൽബാഗ് നിർമിക്കുന്നത്. മംമ്തയ്‌ക്കൊപ്പം സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതേസമയം ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.

മംമ്തയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഫോറൻസിക്’. ടോവിനോ തോമസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറൻസിക്കിന്റെ തിരക്കഥയും സംവിധാനവും.

Read also: കാണാതെ പോകരുത്; വലതുകരം ഇല്ലാതിരുന്നിട്ടും വയലിനില്‍ മാന്ത്രികസംഗീതം ഒരുക്കുന്ന ഈ ജീവിതം: വീഡിയോ

നെവിസ് സേവ്യർ, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് യാണ് സംഗീത സംവിധാനം.