മഞ്ജു വാര്യർക്കും കാളിദാസിനുമൊപ്പം ‘ജാക്ക് ആൻഡ് ജില്ലി’ൽ പൃഥ്വിരാജും

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. പൃഥ്വിരാജിന്റെ ഭാഗങ്ങൾ റെക്കോർഡ് ചെയ്യുന്നത് പൂർത്തിയാക്കി. ചിത്രത്തിന്റെ ഗ്രേഡിംഗ് ഉൾപ്പെടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി’- സന്തോഷ് ശിവൻ പറയുന്നു. അഞ്ജലി മേനോൻ ചിത്രം ‘മഞ്ചാടിക്കുരു’വിന് വിവരണം നൽകിയതും പൃഥ്വിരാജ് ആയിരുന്നു.

Read More:സിനിമ താരം ഗോകുൽ വിവാഹിതനായി; വീഡിയോ

‘ഉറുമി’, ‘അനന്തഭദ്രം’ തുടങ്ങിയ സന്തോഷ് ശിവൻ ചിത്രങ്ങളിൽ നായകനായിരുന്നു പൃഥ്വിരാജ്. മുൻപ് ഓഗസ്റ്റ് സിനിമാസിന്റെ പങ്കാളികളുമായിരുന്നു ഇവർ. അതേസമയം, വലിയ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. മഞ്ജു വാര്യരും സന്തോഷ് ശിവനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജാക്ക് ആൻഡ് ജില്ലി’നുണ്ട്.

Story highlights-prithviraj in santhosh sivan’s jack and jill