‘ഇങ്ങനെയിരുന്ന് ചിരിച്ചിട്ട് 77 ദിവസങ്ങൾ’- വിവാഹ ശേഷമുള്ള ആദ്യ വേർപാടിനെ കുറിച്ച് സുപ്രിയ മേനോൻ

ലോക്ക് ഡൗൺ ദിനങ്ങൾ നീളുമ്പോൾ പൃഥ്വിരാജിനെയോർത്ത് ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോന് ആകുലതയാണ്. ലോക്ക് ഡൗണിന് മുൻപ് ‘ആടുജീവിതം’ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജിനും സംഘത്തിനും തിരികെയെത്താൻ സാധിച്ചിട്ടില്ല.

വിവാഹ വാർഷികത്തിനും വിഷുവിനുമെല്ലാം ആദ്യമായി പിരിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികൾ. ഷൂട്ടിങ്ങിനായി പൃഥ്വിരാജ് കേരളത്തിൽ നിന്നും യാത്രയായിട്ട് 77 ദിവസങ്ങൾ കഴിഞ്ഞെന്ന് പറയുകയാണ് സുപ്രിയ മേനോൻ.

‘മോളി ആന്റി റോക്‌സ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും സുപ്രിയ, പൃഥ്വിരാജിനൊപ്പം നിറചിരിയോടെ ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് വികാര നിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഇങ്ങനെയിരുന്നു ചിരിച്ചിട്ട് 77 ദിവസങ്ങളായി എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. വിവാഹ ശേഷം ആദ്യമായാണ് ഇത്രയധികം ദിവസങ്ങൾ പരസ്പരം കാണാതിരുന്നത് എന്നും സുപ്രിയ കുറിച്ചിരിക്കുന്നു.

Read More:‘കുടയല്ല, വടി’; ചിരിപ്പിച്ച് ഒരു തമാശക്കാരി അമ്മൂമ്മയും അപ്പൂപ്പനും- സ്നേഹം നിറഞ്ഞ വീഡിയോ

സുപ്രിയയെ ആശ്വസിപ്പിച്ച് ആരാധകരും രംഗത്ത് എത്തി. പലരും സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കമന്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ജോർദാനിൽ ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Story highlights- supriya menon about prithviraj