‘ജിം ബോഡി വിത്ത് നോ താടി’; താടിക്കാരന്‍ലുക്ക് മാറ്റി പൃഥ്വിരാജ്‌

Prithviraj Sukumaran new look

നടനായും സംവിധായകനായും നിര്‍മാതാവായുമെല്ലാം വെള്ളിത്തിരയിലെ നിറ സാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാന്‍. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ പുതിയ ലുക്ക്. നീട്ടിവളര്‍ത്തിയ താടിയും മുടിയും നീണ്ട എട്ട് മാസങ്ങള്‍ക്ക് ശേഷം മാറ്റിയിരിയ്ക്കുകയാണ് താരം.

ആടുജീവിതം എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ ഒക്ടേബര്‍ മുതല്‍ താടി വളര്‍ത്തിയതാണ് താരം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും താടിക്കാരനായാണ് താരം പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിന്റെ ആടുജീവിതം ലുക്കും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ജോര്‍ദ്ദാനില്‍ ആടുജീവിതം ചിത്രീകരണത്തിനായി പോയ പൃഥ്വിരാജ് മെയ് 22-നാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

പൃഥ്വിരാജ് തന്നെയാണ് പുതിയ ലുക്ക് പുറത്തുവിട്ടത്. ആരാധകരും താരത്തിന്റെ പുതിയ മുഖം ഏറ്റെടുത്തു. ‘ജിം ബോഡി വിത്ത് നോ താടി’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഭാര്യ സുപ്രിയയും ഒപ്പമുണ്ട് താരത്തിന്റെ ഈ സെല്‍ഫി ചിത്രത്തില്‍.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗള്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.

Story Highlights: Prithviraj Sukumaran new look