‘ഗോഡ്‌ഫാദറി’ലെ നായകൻ രാമഭദ്രനല്ല, മായിൻകുട്ടിയാണ്’- ഡയറക്ടർ ബ്രില്ലിയൻസ് പങ്കുവെച്ച് രസകരമായൊരു കുറിപ്പ്

മലയാള സിനിമയിൽ അന്നും ഇന്നും ഹിറ്റ് ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ ‘ഗോഡ്‌ഫാദർ’ ഉണ്ട്. മുകേഷ്, ഇന്നസെന്റ്, തിലകൻ, ജഗദീഷ്, തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് സിദ്ദിഖ് ലാൽ ആയിരുന്നു. മുകേഷ് അവതരിപ്പിച്ച രാമഭദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ് കഥ വികസിച്ചത്. രാമഭദ്രന്റെ കൂട്ടുകാരനായ മായിൻകുട്ടിയായാണ് ജഗദീഷ് വേഷമിട്ടത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിത്രത്തെക്കുറിച്ച് ഒരു രസകരമായ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ജിഷ്ണു രാജേന്ദ്രൻ എന്ന സിനിമാ പ്രേമിയുടെ കുറിപ്പ് പറയുന്നത് ഗോഡ്‌ഫാദറിൽ നായകൻ മായിൻകുട്ടി ആണെന്നാണ്.

ജിഷ്ണുവിന്റെ കുറിപ്പ്;

മലയാളത്തിൽ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത ‘ഗോഡ്‌ഫാദർ’ .ഏകദേശം 400 ദിവസത്തിൽ അധികം തീയറ്ററിൽ പ്രദർശനം നടത്തി എന്ന റെക്കോർഡ് കൂടി ഈ സിനിമക്ക് ഉണ്ട് .ഈ സിനിമയിലെ നായകൻ മുകേഷ് അവതരിപ്പിച്ച രാമഭദ്രൻ ആണെന്നാണ് നമ്മൾ എല്ലാവരും കരുതിയിരുന്നത്. എന്നാൽ അത് കേവലം വാണിജ്യ വിജയങ്ങൾക്ക് വേണ്ടിയുള്ള സംവിധായകന്മാരുടെ തന്ത്രം മാത്രമായിരുന്നു .യഥാർത്ഥത്തിൽ മായിൻകുട്ടി എന്ന ജഗദീഷിന്റെ കഥാപാത്രം തന്നെയാണ് ‘ഗോഡ്‌ഫാദർ’ എന്ന സിനിമയുടെ നായകൻ .സിനിമയിൽ പ്രേക്ഷകർ കാണതെ പോയ മറ്റൊരു ലയർ കൂടി നമുക്ക് പരിശോധിക്കാം.

വടക്കൻ കേരളത്തിൽ ഒരു ന്യൂനപക്ഷ സമുദായത്തിലെ ഇടത്തരം കുടുംബത്തിലാണ് മായിൻകുട്ടി ജനിച്ചത് . കുട്ടിക്കാലത്തു തന്നെ അന്ധവിശ്വാസങ്ങൾക്കും അനീതിക്കും എതിരെ ശബ്ദം ഉയർത്തിയ മായിൻകുട്ടി പലപ്പോഴും മാതാപിതാക്കളുടെ തല്ല് വാങ്ങിക്കൂട്ടുമായിരുന്നു .കൗമാരത്തിൽ തന്നെ ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം പുലർത്തിയിരുന്നു. കാരണം സമൂഹത്തിലെ അനീതിക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ശബ്ദം ഉയർത്തുന്നത് ഇടത്പക്ഷ സംഘടനകൾ മാത്രമാണെന്ന് മായിൻകുട്ടിക്ക് ബോധ്യമായിരുന്നു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ തനിക്ക് നിയമ ബിരുദം ആവശ്യവുമാണെന്നുള്ള നിശ്ചയ ദാർഢ്യമാണ് മായിൻകുട്ടിയെ രാമഭദ്രന്റെ സഹപാഠിയായി ലോ കോളേജിൽ എത്തിച്ചത്.

അതിനു ശേഷം നടന്നതൊക്കെയാണ് നമ്മൾ സിനിമയിൽ കണ്ടിട്ടുള്ളത്. എന്നാൽ നമ്മൾ കണ്ടതുപോലെ ആനപ്പാറ അച്ചാമ്മയുടെയും അഞ്ഞൂറാന്റെയും കുടുംബവഴക്ക് മാത്രാമായിരുന്നില്ല ‘ഗോഡ്‌ഫാദർ’. മറിച്ച് ജൻഡർ ഇക്വാലിറ്റിക്ക് വേണ്ടി പ്രയത്നിച്ച സഖാവ് മായിൻകുട്ടിയുടെ ഒരു മാസ്റ്റർപ്ലാൻ ആയിരുന്നു അത്. എങ്ങനെ എന്നല്ലേ ??? പറയാം.

സഹപാഠിയായ രാമഭദ്രനിൽ നിന്നുമാണ് രാമഭദ്രന്റെ വീടിനെ പറ്റിയും അവരുടെ സ്ത്രീ പ്രവേശനം ഇല്ലാത്ത കുടുംബത്തെ പറ്റിയും മായിൻകുട്ടി അറിയുന്നത്. അതിനു ശേഷം സ്ത്രീ വിരോധിയും മക്കളുടെ മനുഷ്യാവകാശത്തിന് പുല്ലു വില കൊടുക്കുന്നവനുമായ ഹിപോക്രറ്റിക് ബൂർഷ്വ അഞ്ഞൂറാനെ തകർക്കുക, അതുവഴി ജൻഡർ ഇക്വാലിറ്റി സാധ്യമാകുകയും ആയിരുന്നു മായിൻകുട്ടിയുടെ ലക്ഷ്യം. ഇതിനുള്ള അവസരം മായിൻകുട്ടി കാത്തിരുന്നു. എന്നാൽ കല്യാണം ഉറപ്പിച്ച ശേഷം മാലു പഠിത്തം നിർത്തിയത് മായിൻകുട്ടിയെ തളർത്തി.സ്ത്രീകൾ വിദ്യാഭ്യാസം നേടി സ്വയം പര്യാപ്‌തത നേടണം എന്ന് മായിൻകുട്ടിക്ക് നിർബന്ധം ഉണ്ടായിരുന്നു.കല്യാണം മുടങ്ങിയ ശേഷം കോളേജിൽ വരുന്ന മാലുവിന് സ്വീകരണം കൊടുക്കാൻ മായിൻകുട്ടി തീരുമാനിക്കുന്നു. പക്ഷെ പണം ഇല്ലാത്തതിനാൽ ഇതിന് വേണ്ടി പിരിവ് നടത്തുകയും രാമഭദ്രനിൽ നിന്ന് പോലും പരിഹാസം കേൾക്കേണ്ടി വരികയും ചെയ്യുന്നുണ്ട് മായിൻകുട്ടിക്ക്.

“ഏങ്കിലും പിരിച്ച പണത്തെ പറ്റി പറയുന്ന രാമഭദ്രനോട് മായിൻകുട്ടി പങ്കുവെക്കുന്നത് താൻ വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് ചിന്താഗതി തന്നെയാണ്.

“ഇതിപ്പോ എന്റെ കയ്യിലിരുന്നാലും നിന്റെ കയ്യിലിരുന്നാലും ഒരുപോലെ അല്ലെ ” എന്നാണ് മായിൻകുട്ടി രാമഭദ്രനോട് പറയുന്നത്.

സിനിമയുടെ പ്രധാന കഥാവികാസം എന്ന് പറയുന്നത് പരസ്പരം സ്നേഹിച്ചു വഞ്ചിക്കാൻ നായകനും നായികയും തീരുമാനിക്കുന്നിടത്താണ്. ഇവിടെ നായികക്ക് പ്രേരണ ആയത് അച്ഛമ്മ ആണെങ്കിൽ നായകന് പ്രേരണ ആയത് സാക്ഷാൽ മായിൻകുട്ടി തന്നെയായിരുന്നു. ഇവിടെ അച്ഛമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തന്റെ വ്യക്തി വൈരാഗ്യം കാരണമാണെങ്കിൽ മായിൻകുട്ടി ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത് രാമഭദ്രന്റെ വീട്ടിലെ അനീതികൾക്ക് എതിരെ പ്രതികരിക്കാൻ ആയിരുന്നു.കാരണം മായിൻകുട്ടിക്ക് അറിയാമായിരുന്നു ലോലനും നിഷ്കളങ്കനുമായിരുന്ന രാമഭദ്രന് ഈ പ്രണയം വേണ്ടെന്ന് വെക്കാൻ കഴിയില്ല എന്ന് .

ഇനി രാമഭദ്രന്റെ പ്രൊപോസൽ സീൻ നമുക്കൊന്ന് നോക്കാം. തന്നെ ഇഷ്ടമാണെന്ന് പറയുന്ന രാമഭദ്രനോട് മാലു ആവശ്യപ്പെടുന്നത് അമ്മയെ പിടിച്ചു സത്യം ചെയ്യണം എന്നാണ് .ഇത് കേട്ട് പിന്മാറാൻ പോകുന്ന രാമഭദ്രനോട് മായിൻകുട്ടി പറയുന്നത് ഇങ്ങനെയാണ്.

“സത്യം ചെയ്തു എന്ന് വെച്ച് മരിച്ചുപോയ നിന്റെ അമ്മക്ക് എന്ത് സംഭവിക്കാനാ?”..മായിൻകുട്ടി അന്തവിശ്വാസങ്ങളിൽ അടിമപ്പെടാത്ത ഒരു തികഞ്ഞ യുക്തിവാദി ആണെന്ന് നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം .

തുടർന്ന് നായികയും നായകനും തമ്മിലുള്ള പ്രണയം സീരിയസ് ആകുമ്പോഴും മായിൻകുട്ടി കൂടെ തന്നെ ഉണ്ടായിരുന്നു .ഇനി രാമഭദ്രനും മായിൻകുട്ടിയും മാലുവിന്റെ വീട്ടിൽ രാത്രി ഒളിച്ചു ചെല്ലുന്ന സീൻ നോക്കാം.

ഇവിടെ ചായ്‌പിൽ പെട്ടുപോകുന്ന രാമഭദ്രൻ പിടിക്കപ്പെടും എന്നു ഉറപ്പാകുന്നു. ഈ സമയത്ത് ആണ് മായിൻകുട്ടി മരക്കൊമ്പ് ഒടിഞ്ഞു താഴെ വീഴുന്നത്. നമ്മളിൽ പലരും ഇതൊരു ഹാസ്യരംഗം ആയി ചിരിച്ചു തള്ളി എന്നുള്ളതാണ് സത്യം. എന്നാൽ ഇതൊരിക്കലും മായിൻകുട്ടിയുടെ അബദ്ധം ആയിരുന്നില്ല, മറിച്ചു തന്റെ ജീവൻ പണയം വെച്ചും രാമഭദ്രനെ രക്ഷിക്കണം എന്ന ഉദ്ദേശം ആയിരുന്നു അതിനു പിന്നിൽ. മരക്കൊമ്പ് ഒടിഞ്ഞ ശേഷം രാമഭദ്രൻ രക്ഷപ്പെടുന്നതും നമുക്ക് സിനിമയിൽ കാണാം.

ഒരുപക്ഷെ അന്ന് മരക്കൊമ്പിൽ നിന്ന് വീണു മരിച്ചിരുന്നെങ്കിൽ മായിൻകുട്ടി ഒരു രക്തസാക്ഷി ആകുമായിരുന്നു ..!!!

ഇനി സിനിമയുടെ മർമ്മ പ്രധാനമായ ട്വിസ്റ്റ് സ്വാമിയേട്ടൻ വിവാഹിതൻ ആണെന്നുള്ളതാണ്. സിനിമയിൽ ഈ രഹസ്യവും കണ്ടുപിടിക്കുന്നത് മായിൻകുട്ടി തന്നെയാണ് . സമൂഹത്തിൽ മാന്യതയുടെ കപട സദാചാര മുഖമൂടി അണിഞ്ഞു നടക്കുന്ന സ്വാമിയേട്ടനെപ്പോലെ ഉള്ള ചില കള്ള നാണയങ്ങളെ തുറന്നു കാട്ടുക എന്ന ഉദ്ദേശം ആയിരിക്കാം ഒരുപക്ഷെ ഇതിനു പിന്നിൽ.

ഇനി നമുക്ക് സിനിമയുടെ ക്ലൈമാക്സ് ഒന്ന് ശ്രദ്ധിക്കാം..

മാലുവിന്റെ കല്യാണ മണ്ഡപത്തിലേക്ക് പാചകക്കാർ എന്ന വ്യാചേന ആണ് രാമഭദ്രനും കൂട്ടരും എത്തുന്നത്.ക്ലൈമാക്സിൽ മായിൻകുട്ടി ഇട്ടിരിക്കുന്ന ചുമന്ന ഷർട്ട് ഒട്ടും യാദൃശ്സികമല്ല. അയാളിലെ സഖാവ് മറനീക്കി പുറത്തു വരികയായിരുന്നു. അതെ, ചുവപ്പ് ഒരു പ്രതീക്ഷ തന്നെയാണ്. ക്ലൈമാക്സിലെ താലി തട്ടിപ്പറിച്ചു കൊണ്ടുള്ള മൽപിടുത്തത്തിനൊടുവിൽ രാമഭദ്രൻ താലി കെട്ടുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും മായിൻകുട്ടി തന്നെ ആയിരുന്നു. അത് തന്റെ ലക്ഷ്യങ്ങൾ സഫലമാകുന്നു എന്നുള്ള ആഹ്ളാദപ്രകടനം കൂടി ആയിരുന്നു.
സമൂഹത്തിലെ ഉച്ച നീചത്വങ്ങൾക്ക് എതിരെ ശബ്ദം ഉയർത്താൻ സന്നദ്ധനായി ഈ സഖാവ് ഇന്നും എവിടെയോ ജീവിച്ചിരുക്കുന്നു.

Story highlights- viral write up about godfather movie