റിലീസിന് മുൻപ് നൂറുകോടി ക്ലബ്ബിൽ; ‘ലക്ഷ്മി ബോംബ്’ ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു

July 1, 2020

ഓൺലൈൻ റിലീസുകൾ ഇന്ത്യൻ സിനിമാ മേഖലയിലും കൊവിഡ് കാലത്ത് ചുവടുറപ്പിക്കുകയാണ്. സാമൂഹിക വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തിയേറ്ററുകൾ തുറക്കാനും സജീവമായി റിലീസുകൾ ഉണ്ടാകാനും ഇനിയും കാലതാമസമുണ്ട്. അതുകൊണ്ട് തന്നെ ആമസോൺ പ്രൈം, ഡിസ്നി ഹോട് സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു സിനിമാ പ്രേമികളും, നിർമാതാക്കളും.

മലയാളത്തിൽ ‘കപ്പേള’ക്ക് പിന്നാലെ സൂഫിയും സുജാതയും ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. ബോളിവുഡിൽ ഇനി ദിൽ ബേചാരായാണ് ഓൺലൈൻ റിലീസിന് എത്തുന്നത്. പിന്നാലെ അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ലക്ഷ്മി ബോംബ്’ ഓ ടി ടി റിലീസിന് ഒരുങ്ങുകയാണ്. മറ്റ് സിനിമകളെ അപേക്ഷിച്ച് റിലീസിന് മുൻപ് നൂറുകോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘ലക്ഷ്മി ബോംബ്’ എത്തുന്നത്.

125 കോടി രൂപയ്ക്കാണ് ഡിസ്നി ‘ ലക്ഷ്മി ബോംബ്’ സ്വന്തമാക്കിയത്. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പരമാവധി 70 കോടി വരെയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ‘ ലക്ഷ്മി ബോംബ്’ നേരിട്ട് ഓ ടി ടി റിലീസിന് എത്തുന്നതുകൊണ്ടാണ് റെക്കോർഡ് തുക നിർമാതാക്കൾ ഈടാക്കിയത്.

read more:ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ

തമിഴിൽ രാഘവാ ലോറൻസ് അഭിനയിച്ച ‘കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ആണ് ‘ലക്ഷ്മി ബോംബ്’. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറൻസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. കിയാരാ അദ്വാനിയാണ് നായിക. ഹൊറർ ത്രില്ലറായ ചിത്രത്തിന്റെ ഓൺലൈൻ റിലീസ് വിവരങ്ങൾ നിർമാതാക്കളാണ് വ്യക്തമാക്കിയത്.