വെള്ളക്കെട്ടിലേക്ക് വാഹനം ഇറക്കും മുൻപ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒക്കെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാഹനം ഒലിച്ചുപോകുന്ന വാർത്തകളും വാഹനങ്ങളിൽ വെള്ളം കയറുന്ന വാർത്തകളുമൊക്കെ തുടർക്കഥയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി യാത്രകൾ ഒഴിവാക്കുക എന്നത് തന്നെയാണ് കൂടുതലായും ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ അത്യാവശ്യ സാഹചര്യങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ ഇറക്കേണ്ടതായി വരും. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വാഹനത്തിന്റെ എഞ്ചിനിൽ വെള്ളം കയറിയാൽ ഇൻഷൂറൻസ് കിട്ടാൻ ബുദ്ധിമുട്ടാണ്. നിലവിലെ ഇൻഷൂറൻസ് നിയമപ്രകാരം എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് പറയുന്നത്. വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടന്നാലും എഞ്ചിനിൽ വെള്ളം കയറില്ല. എന്നാൽ ഇതിനിടെയിൽ വാഹനം സ്റ്റാർട്ട് ആക്കുന്നത് എഞ്ചിനിൽ വെള്ളം കയറാൻ കാരണമാകും.

Read also: ദുരിതബാധിതർക്ക് ആശ്വാസമാകണം; സൈക്കിൾ ചവിട്ടി കുഞ്ഞുബാലൻ സ്വരൂപിച്ചത് 3.7 ലക്ഷം രൂപ

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണം. മറ്റ് വാഹനങ്ങൾ പോകുന്നതിന്റെ പുറകെ പോകുന്നതും അത്ര സുരക്ഷിതമല്ല. കാരണം ഓരോ വാഹനത്തിലെയും എയർ ഫിൽറ്റർ അഥവാ സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്. ഇതിലൂടെ വെള്ളം അകത്തേക്ക് കയറാൻ സാധ്യത കൂടുതലാണ്. ഇത് എഞ്ചിൻ ഓഫാകാൻ കാരണമാകും. ഇത്തരത്തിൽ വാഹനം വെള്ളത്തിൽ ഓഫായാൽ ഉടൻ വാഹനം സ്റ്റാർട്ട് ചെയ്യരുത്. ബാറ്ററി ടെർമിനലിൽ നിന്നും വേർപെടുത്താൻ കഴിഞ്ഞാൽ അത് ചെയ്യുക. അല്ലാത്ത പക്ഷം റോഡ് സേവന നമ്പറുകളിൽ വിളിക്കുക. ഇത് മിക്ക വണ്ടികളിലും നൽകിയിട്ടുണ്ട്.

ഈ സാഹചര്യങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴും ഏറെ കരുതൽ ആവശ്യമാണ്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ, മരത്തിന് താഴെ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖല, മതിലുകൾക്ക് സമീപം എന്നിവടങ്ങളിൽ പാർക്ക് ചെയ്യാതിരിക്കുക.

Story Highlights: driving-in-rain-tips