ഫ്‌ളവേഴ്‌സ് ടോപ് സിംഗറായി കിരീടം ചൂടി സീതാലക്ഷ്മി

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് പാട്ടിന്റെ പാലാഴി സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. 2018 സെപ്റ്റംബര്‍ 22 ന് തുടക്കം കുറിച്ച ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ മാരത്തോണ്‍ വരെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഫ്‌ളേവഴ്‌സ് ടോപ് സിംഗറായി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീതാലക്ഷ്മി സുവര്‍ണ്ണ കിരീടം ചൂടി. രണ്ടാം സമ്മാനം തേജസും മൂന്നാം സമ്മാനം വൈഷ്ണവി പണിക്കരും നാലാം സമ്മാനം അദിതി ദിനേശ് നായരും കരസ്ഥമാക്കി. തുളസി ബില്‍ഡേഴ്സ് നല്‍കുന്ന 50 ലക്ഷം രൂപയുടെ ഫ്ളാറ്റാണ് സീതാലക്ഷ്മിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ 15 ലക്ഷം രൂപ സ്പോണ്‍സര്‍ ചെയ്തത് കിവി ഐസ് ക്രീംസ് ആണ്.

ടോപ് സിംഗറിലെ എല്ലാ കുട്ടിപ്പാട്ടുകാര്‍ക്കും മികച്ച സമ്മാനങ്ങള്‍ ഫിനാലേയില്‍ നല്‍കി. നിറചിരിയോടെയാണ് കുട്ടിപ്പാട്ടുകാര്‍ ഫിനാലേയുടെ അവസാന ഘട്ടം വരെ എത്തിയത്. ഒരുലക്ഷം രൂപയുടെ കാഷ്പ്രൈസ് അടങ്ങുന്ന പുരസ്കാരങ്ങളാണ് സമ്മാനിച്ചത്.

അതിമനോഹരമായ ആലാപനം, നിഷ്‌കളങ്കത തുളുമ്പുന്ന കുട്ടിവര്‍ത്തമാനങ്ങള്‍, തുടങ്ങി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുകയായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. കുരുന്ന ഗായകര്‍ മലയാള മനസ്സുകളില്‍ ചേക്കേറിയപ്പോള്‍ സംഗീതലോകത്തിന് ലഭിച്ചത് പകരം വയ്ക്കാനില്ലാത്ത ഗായക പ്രതിഭകളെക്കൂടിയാണ്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളായെത്തിയത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മത്സരിച്ചത്.

Story highlights: Flowers Top Singer Winner