ലൂസിഫർ തെലുങ്ക് റീമേക്കിന്റെ കഥാഗതിയിൽ കാര്യമായ മാറ്റമുണ്ടാകില്ല; ആവേശത്തോടെ മലയാളികൾ

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം രചിച്ച ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ, തെലുങ്കിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. മലയാള സിനിമകൾ അന്യഭാഷകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് കഥയിലും മാറ്റം വരാറുണ്ട്. എന്നാൽ തെലുങ്കിൽ ചിത്രത്തിന് കാര്യമായ മാറ്റങ്ങളുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിരഞ്ജീവിയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുഗീത് ആണ് ‘ലൂസിഫർ’ തെലുങ്കിൽ ഒരുക്കുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സുഗീതിന്റെ ഫൈനൽ ഡ്രാഫ്റ്റിൽ തൃപ്തി പോരാതെ അദ്ദേഹത്തെ മാറ്റി പുതിയ സംവിധായകനെ തീരുമാനിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്. അതിനൊപ്പം തന്നെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ആചാര്യ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമേ ‘ലൂസിഫർ’ റീമേയ്ക്ക് ആരംഭിക്കൂ. തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നൊരു കഥാപാത്രമാണ് ‘ലൂസിഫറി’ലേത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞതോടെ ചിത്രത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന സന്തോഷത്തിലാണ് മലയാളികൾ. മാസ്സും ആക്ഷനുമൊക്കെ ചേർന്ന് എല്ലാ പ്രേക്ഷകരെയും ഒരുപോലെ ആവേശഭരിതരാക്കുന്ന രീതിയിലാണ് പൃഥ്വിരാജ് ലൂസിഫർ ഒരുക്കിയിരിക്കുന്നത്.

Story highlights- about lucifer telugu remake