ഒറ്റ ആഴ്ച്ച കൊണ്ട് 100 കോടി; സൂപ്പർ ഹിറ്റായി ചിരഞ്ജീവിയുടെ ഗോഡ്‌ഫാദർ

October 10, 2022

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ ചിരഞ്ജീവിയുടെ ‘ഗോഡ്‌ഫാദർ’ വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. ഒരാഴ്ച്ച കൊണ്ട് 100 കോടിയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയിരിക്കുന്നത്. 85 കോടി ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രം വമ്പൻ വിജയത്തിലേക്കാണ് ഇപ്പോൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മലയാളത്തിൽ സൂപ്പർ ഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്‌ഫാദർ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെയാണ് ചിരഞ്ജീവി തെലുങ്കിൽ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി സൽമാൻ ഖാൻ ചിത്രത്തിലെത്തിയപ്പോൾ നയൻ താരയാണ് മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ ഗോഡ്‌ഫാദറിൽ അവതരിപ്പിച്ചിരിക്കുന്നത്.

മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. നിരവധി സംവിധായകരുടെ പേരുകൾക്ക് ശേഷമാണ് ചിത്രം മോഹൻ രാജയിലേക്ക് എത്തിയത്. നീരവ് ഷായാണ് ഛായാഗ്രഹണം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമ്മിച്ചതും ചിരഞ്ജീവിയാണ്. കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയത്.

Read More: “ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ പേടിയുണ്ട്..”; മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെച്ച് മഞ്‌ജു വാര്യർ

അതേ സമയം ചിരഞ്‌ജീവിയുടെ പിറന്നാളിന് ആരാധകർക്കുള്ള സമ്മാനമായി നേരത്തെ ഗോഡ്‌ഫാദറിന്റെ ടീസർ റിലീസ് ചെയ്‌തിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനത്തിന്റെ ലിറിക്കൽ വിഡിയോയുമൊക്കെ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ അതൊക്കെ ഏറ്റെടുത്തത്. ലൂസിഫറിന്റെ ട്രെയ്‌ലർ പോലെ തന്നെയാണ് ഗോഡ്‌ഫാദറിന്റെ ട്രെയ്‌ലറും ഒരുങ്ങിയത്.

Story Highlights: Godfather 100 crore box office collection