ലോക്ക് ഡൗൺ കാലത്തെ കൃഷിപാഠം; ചെന്നൈയിലെ വീട്ടിൽ ജൈവകൃഷി ഒരുക്കി കാളിദാസ് ജയറാം

കാർഷിക മേഖലയോട് വളരെയധികം താൽപര്യമുള്ള നടനാണ് കാളിദാസ് ജയറാം. ലോക്ക് ഡൗൺ സമയത്ത് നിരവധി കൃഷികളാണ് താരം വീട്ടുവളപ്പിൽ ആരംഭിച്ചത്. ജൈവകൃഷിയോടും പച്ചക്കറികളോടും അടുപ്പം പുലർത്തുന്ന കാളിദാസ് ഇപ്പോൾ ചെന്നൈയിലെ വീട്ടിലെ വിളവെടുപ്പിന്റെ തിരക്കിലാണ്. മുൻപ്, ഓണത്തിന് വീട്ടുവളപ്പിലെ പച്ചക്കറികൾ കൊണ്ട് ഓണസദ്യ തയ്യാറാക്കാൻ കാത്തിരിക്കുകയാണെന്ന് കാളിദാസ് പങ്കുവെച്ചിരുന്നു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് തന്റെ കൃഷി പ്രണയത്തെ കുറിച്ച് പങ്കുവെച്ചത്.

ഈ വർഷത്തെ ഓണസദ്യ ഒരുക്കിയത് പ്രതീക്ഷിച്ചതുപോലെ വീട്ടിലെ പച്ചക്കറികൾ കൊണ്ടുതന്നെയാണെന്ന് തരാം വ്യക്തമാക്കുന്നു. പ്രകൃതിയോട് എന്നും സ്നേഹം പുലർത്തുന്ന അച്ഛൻ ജയറാമാണ് ലോക്ക് ഡൗൺ സമയത്ത് കാളിദാസിന് ജൈവകൃഷിയെ കുറിച്ച് പരിചയപ്പെടുത്തിയത്.

മത്തങ്ങ, പാവയ്ക്ക, തക്കാളി, പച്ചമുളക്, സവാള, വിവിധതരം ബീൻസ് എന്നിവയെല്ലാം കാളിദാസ് തന്റെ പച്ചക്കറി തോട്ടത്തിൽ കൃഷി ചെയ്തിരുന്നു. ലോക്ക് ഡൗൺ സമയത്ത് ധാരാളം സമയമുള്ളതുകൊണ്ട് പച്ചക്കറി കൃഷി വളരെ ഉൽപ്പാദനപരമായ ഒന്നാണെന്നും മറ്റു ചിന്തകളിലൊന്നും മുഴുകാതെ കൃഷിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ടെന്നും കാളിദാസ് പറയുന്നു. മാത്രമല്ല, സിനിമ കാണാനും വർക്ക്ഔട്ടിനുമായി പരമാവധി രണ്ടുമണിക്കൂർ മാത്രം ചിലവഴിക്കുന്ന കാളിദാസിന് ഇപ്പോൾ സമയം കൃഷിയിൽ ചിലവഴിക്കാൻ സാധിക്കുന്നുണ്ട്. ‘ഇത് എന്നെ കൃഷിചെയ്യാൻ പഠിപ്പിക്കുക മാത്രമല്ല, എന്നെ കൂടുതൽ ക്ഷമയും അച്ചടക്കവും പഠിപ്പിച്ചു’- കാളിദാസ് പറയുന്നു.

അതേസമയം, ആമസോണിന് വേണ്ടിയും നെറ്റ്ഫ്ലിക്സിന് വേണ്ടിയും ഓരോ ചിത്രത്തിൽ കാളിദാസ് ലോക്ക് ഡൗൺ സമയത്ത് വേഷമിട്ടു കഴിഞ്ഞു. സുധ കൊങ്ങര ആമസോണിന് വേണ്ടി സംവിധാനം ചെയ്ത ചിത്രത്തിലാണ് കാളിദാസ് അഭിനയിച്ചത്. ജയറാമും ചിത്രത്തിൽ കാളിദാസിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കല്യാണിയും കാളിദാസുമാണ് ആമസോൺ ചിത്രത്തിലെ നായികാനായകന്മാർ. ജയറാമിനൊപ്പം ഉർവശിയും ഈ ചിത്രത്തിൽ വേഷമിടുന്നു. ഇരുവരും അതിഥി വേഷത്തിലാണ് എത്തുന്നത്.

അതേസമയം, നെറ്റ്ഫ്ലിക്സ് അമേരിക്ക നേരിട്ട് നിർമിക്കുന്ന ചിത്രത്തിലും കാളിദാസ് വേഷമിട്ടു. സുധ കൊങ്ങര തന്നെയാണ് നെറ്റ്ഫ്ലിക്സ് ചിത്രവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു നടൻ നെറ്റ്ഫ്ലിക്സ് അമേരിക്ക നേരിട്ട് നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.

Story highlights- kalidas jayaram’s vegetable garden