‘വിസ്മയങ്ങൾ നിറഞ്ഞ മറ്റൊരു വർഷം അവസാനിക്കുകയാണ്’- കുടുംബ ചിത്രവുമായി കാളിദാസ് ജയറാം

December 31, 2022

ജയറാമും പാർവതിയും മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ്. കൂടാതെ സിനിമാ പ്രേമികൾക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ ഇരുവരും സമ്മാനിച്ചിട്ടുണ്ട്. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും പങ്കുവയ്ക്കുന്നതിലൂടെയും ആളുകളിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ, പുതുവർഷ പ്രതീക്ഷകളും കുടുംബചിത്രവുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം.

ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ‘വിസ്മയങ്ങൾ നിറഞ്ഞ മറ്റൊരു വർഷം അവസാനിക്കുകയാണ്, സാധ്യതകളും പ്രതീക്ഷകളും നിറഞ്ഞ ഒരു പുതിയ ഒരു വർഷത്തിന് വഴിമാറുന്നു!!“ എന്താണ് നിങ്ങൾക്കായി കാത്തിരിക്കുന്നതെന്ന് അറിയില്ല. അത് എല്ലാം ആകാം. ചിലപ്പോൾ ഒന്നുമുണ്ടാകില്ല. നിങ്ങൾ മുന്നോട്ട് നടക്കുമ്പോൾ ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കുക, പിന്നിട്ട വഴികൾ കാണാനാകും..’- കാളിദാസ് കുറിക്കുന്നു.

അതേസമയം, മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു. അതിനുമുൻപ് തന്നെ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു പാർവതി. അപരൻ പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത അപരൻ 32 വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ ജയറാം പങ്കുവെച്ച കുറിപ്പിലും പാർവതിയുമായുള്ള ആദ്യ കൂടികാഴ്ചയെക്കുറിച്ചുണ്ടായിരുന്നു.

Read Also: വധുവിന്റെ വക ശിങ്കാരി മേളം, ഇലത്താളമടിച്ച് വരൻ, ആവേശം പകർന്ന് വധുവിന്റെ അച്ഛൻ- ഒരു വൈറൽ കല്യാണ വിഡിയോ

പിന്നീട് നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജയറാമും പാർവതിയും 1992ലാണ് വിവാഹിതരായത്. ആറു വര്ഷം മാത്രമേ പാർവതി വെള്ളിത്തിരയിൽ സജീവമായിരുന്നുള്ളുവെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട നടിയാണ് താരം. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ മകൾ മാളവിക മോഡലിംഗ് രംഗത്താണ് സജീവമാകുന്നത്.

Story highlights- kalidas about new year