‘മടങ്ങിവരാൻ ഇനിയും കാത്തിരിക്കാൻ വയ്യ’- പുതിയ ചിത്രത്തിനായി ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോ പങ്കുവെച്ച് ഷാഹിദ് കപൂർ

ബോളിവുഡ് സിനിമാലോകത്തെ മുൻനിര താരങ്ങളിൽ ഒരാളാണ് ഷാഹിദ് കപൂർ. ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം ചിലവഴിച്ച ഷാഹിദ് കപൂർ ഇപ്പോൾ സിനിമയിലേക്ക് മടങ്ങിവരാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെക്കുകയാണ്. ജേഴ്‌സി എന്ന ചിത്രമാണ് ഷാഹിദിന്റേതായി ചിത്രീകരണം തുടരാനുള്ളത്. ജേഴ്‌സിയിൽ ക്രിക്കറ്റ് താരമായി എത്തുന്ന ഷാഹിദ്, ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ ഷാഹിദിന്റെ ബാറ്റിംഗ് സ്കിൽ കാണാൻ സാധിക്കും. പങ്കജ് കപൂർ, മൃണാൾ താക്കൂർ എന്നിവരും ജേഴ്‌സിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബീർ സിംഗാണ് ഷാഹിദ് കപൂറിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. നാനി അഭിനയിച്ച ‘ജേഴ്‌സി’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഷാഹിദ് ചിത്രം. 2020 ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്നെങ്കിലും കൊറോണ വൈറസ് പ്രതിസന്ധി കാരണം കാലതാമസം നേരിടുകയായിരുന്നു.

അതേസമയം, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് ഷാഹിദ് കപൂർ അടുത്തതായി അഭിനയിക്കുന്നത്. സംവിധായകൻ ശശാങ്ക് ഖൈതാനാണ് സംവിധാനം.ആക്ഷൻ ചിത്രമാണ് ശശാങ്ക് സംവിധാനം ചെയ്യുന്നത്. യോദ്ധ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജേഴ്‌സി പൂർത്തിയായാലുടൻ യോദ്ധയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഷാഹിദ് കപൂർ.

Story highlights- shahid kapoor about jersey movie