ഒൻപതു ദിനങ്ങൾ, ഒൻപതു നൃത്തങ്ങൾ; നവരാത്രി നൃത്തവുമായി ദിവ്യ ഉണ്ണിയും സഹോദരിയും

അറിവിന്റെയും സംഗീതഞ്ജരുടെയും നർത്തകരുടെയും ഉത്സവദിനങ്ങളാണ് നവരാത്രി. ഒൻപതുദിവങ്ങളിലും ദേവീക്ഷേത്രങ്ങളിൽ നൃത്തവും സംഗീതവുമൊക്കെ എല്ലാവർഷവും നിറയാറുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ നവരാത്രി മഹോത്സവം നിശബ്ദമാണ്. അതേസമയം, ഡിജിറ്റൽ ആഘോഷങ്ങൾക്ക് കുറവൊന്നുമില്ല. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി തന്റെ യൂട്യൂബ് ചാനലിലൂടെ നവരാത്രി ദിവസങ്ങളിൽ ഒൻപതു നൃത്തവുമായി എത്തുകയാണ്.

സഹോദരി വിദ്യ, ബന്ധുക്കളായ കീർത്തി ഉണ്ണി, ശ്രീരേഖ ഉണ്ണി എന്നിവർക്കൊപ്പമാണ്‌ ദിവ്യ ഉണ്ണി നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. എല്ലാവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ദിവ്യക്കൊപ്പം പങ്കെടുക്കുന്നത്. അമേരിക്കയിലാണ് ദിവ്യ ഉണ്ണി. സഹോദരി വിദ്യ സിംഗപ്പൂരിലാണ്.

സിനിമാലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് ദിവ്യ ഉണ്ണി. നൃത്ത വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. അടുത്തിടെയാണ് ദിവ്യ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞുമകളുടെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.  ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

നൃത്ത രംഗത്തുനിന്നുമാണ് നടി ദിവ്യ ഉണ്ണി സിനിമാലോകത്തേക്ക് ചുവടുവച്ചത്. കലോത്സവ വേദികളിലും നൃത്തവേദികളിലും തിളങ്ങി നിന്ന ദിവ്യ ഉണ്ണി സിനിമയിലും നിറസാന്നിധ്യമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ സാരഥിയാണിപ്പോൾ നടി. മലയാളത്തിൽ ഏറ്റവും ഒടുവിൽ മുസാഫിർ എന്ന ചിത്രത്തിലായിരുന്നു ദിവ്യ ഉണ്ണി വേഷമിട്ടത്.

Story highlights- divya unni navarathri dance