വിക്രം നായകനാകുന്ന ‘കോബ്ര’യിൽ ഇന്റർപോൾ ഓഫീസറായി ഇർഫാൻ പത്താൻ

സംവിധായകൻ അജയ് ജ്ഞാനമുത്തു നടൻ വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കോബ്ര. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ചിത്രത്തിൽ വേഷമിടുന്നുണ്ട്.അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കോബ്രയിലെ കാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇർഫാന്റെ കഥാപാത്രത്തിന്റെ പേര് അസ്ലാൻ യിൽമാസ് എന്നാണെന്നും കാരക്ടർ പോസ്റ്ററിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

കോബ്രയിൽ വിക്രമിന്റെ വില്ലൻ വേഷമാണ് ഇർഫാൻ പത്താൻ കൈകാര്യം ചെയ്യുന്നത്. വളരെ സ്റ്റൈലിഷായ വില്ലനായാണ് ഇർഫാൻ ചിത്രത്തിൽ എത്തുന്നതെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു. കാരക്ടർ പോസ്റ്ററിൽ, ഇർഫാൻ പത്താൻ കറുത്ത സ്യൂട്ട് ധരിച്ചാണ് നിൽക്കുന്നത്. കോബ്രയിൽ ഫ്രഞ്ച് ഇന്റർപോൾ ഓഫീസറുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്.

മാർച്ചിൽ കോബ്രയുടെ ടീം റഷ്യയിലേക്ക് പോയി ചില രംഗങ്ങൾ ചിത്രീകരിച്ചു. പക്ഷേ കൊറോണ വൈറസ് തടയാൻ സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്ക് കാരണം ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. ബാക്കി ഭാഗങ്ങളും റഷ്യയിൽ ചിത്രീകരിക്കേണ്ടതുള്ളതുകൊണ്ട് ആശങ്കയിലാണ് അണിയറപ്രവർത്തകർ. അതേസമയം, ഷൂട്ടിംഗ് പൂർത്തിയാക്കാൻ ചെന്നൈയിൽ റഷ്യയുമായി സാമ്യമുള്ള ഒരു സെറ്റ് സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read More: 2500 വർഷങ്ങളായി അണയാതെ കത്തുന്ന പാറക്കൂട്ടം; തുർക്കിയിലെ അത്ഭുതക്കാഴ്ച

20 ലധികം ലുക്കുകളിൽ വിക്രം എത്തുന്ന ചിത്രമാണ് കോബ്ര. വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ.എസ്. രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരാണ് കോബ്രയിലെ മറ്റു താരങ്ങൾ.

Story highlights- Irfan Pathan to play Aslan Yilmaz in Chiyaan Vikram’s Cobra