ഷൂട്ടിംഗിനിടെ കുസൃതിയും കുറുമ്പുമായി കീർത്തി സുരേഷ്- പിറന്നാൾ സ്പെഷ്യൽ വീഡിയോ പങ്കുവെച്ച് ‘ഗുഡ് ലക്ക് സഖി’ ടീം

തെന്നിന്ത്യൻ നായികയായ കീർത്തി സുരേഷിന്റെ ഇരുപത്തിയെട്ടാം ജന്മദിനം സർപ്രൈസുകൾകൊണ്ട് നിറയുകയാണ്. കീർത്തി നായികയായി എത്തുന്ന തെലുങ്ക് ചിത്രം ഗുഡ് ലക്ക് സഖിയുടെ അണിയറപ്രവർത്തകർ ഒരു പിറന്നാൾ സ്പെഷ്യൽ വീഡിയോയാണ് നടിക്കായി സമ്മാനിച്ചത്. അതോടൊപ്പം, നടൻ മഹേഷ് ബാബു തന്റെ പുതിയ ചിത്രത്തിലേക്ക് കീർത്തിയെ നായികയായി ക്ഷണിച്ചിരിക്കുകയാണ്.

അതേസമയം, കീർത്തി ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന ചിത്രമായ ‘ഗുഡ് ലക്ക് സഖി’യുടെ പിറന്നാൾ സ്പെഷ്യൽ വീഡിയോ തന്നെയാണ് വേറിട്ട് നിൽക്കുന്നത്. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. 34 സെക്കൻഡ് മാത്രമുള്ള വീഡിയോയിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുമുണ്ട്.

നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. നടൻ ആദി, ജഗപതി ബാബു എന്നിവരും വേഷമിടുന്ന ഗുഡ് ലക്ക് സഖി ഒരു സ്പോർട്സ് ചിത്രമാണ്.

സന്ദീപ് രാജ് ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിരാന്തൻ ദാസാണ് ക്യാമറ. തെലുങ്ക് ചിത്രമായ ഗുഡ് ലക്ക് സഖി തമിഴിലും മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഗ്രാമീണ കഥാപാത്രമായ സഖിയുടെ ജീവിതത്തിലെ പ്രതിസന്ധികളും ഉയർച്ചയുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: ‘ഹിമാലയത്തിലേക്കുള്ള ബൈക്ക് സവാരിക്കായി കാത്തിരിക്കുന്നു’- യാത്രാ പ്രണയം പങ്കുവെച്ച് മാളവിക മോഹനൻ

തമിഴ് ത്രില്ലറായ ‘പെൻഗ്വിൻ’ എന്ന സിനിമയിലാണ് അവസാനമായി കീർ‌ത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.