തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി ഡൽഹി; വിജയത്തിളക്കത്തിൽ മുംബൈ

ഡൽഹിക്കെതിരെ അനായാസമായി 9 വിക്കറ്റ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. 47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ ബാറ്റിംഗ് മികവിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ഈ സീസൺ അവസാനത്തിലേക്കെത്തുമ്പോൾ തുടർച്ചയായി നാലാം തവണയാണ് ഡൽഹി പരാജയം രുചിക്കുന്നത്.

111 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇന്ന് 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. 26 റൺസിൽ ഡി കോക്ക് പുറത്തായെങ്കിലും ഒന്നാം വിക്കറ്റില്‍ താരവും ഇഷാന്‍ കിഷനും ചേര്‍ന്ന് 68 റണ്‍സാണ് നേടിയത്. പിന്നീട് സൂര്യകുമാറുമായി ചേർന്ന് ഇഷാൻ കിഷൻ മുംബൈയെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. 2 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയില്‍ നിന്ന് ഡല്‍ഹിയെ 35 റണ്‍സ് കൂട്ടുകെട്ടുമായി ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷ രാഹുല്‍- ചഹാര്‍ കൂട്ടുകെട്ട് തകര്‍ത്തു. 25 റൺസ് മാത്രം നേടി ശ്രേയസ് അയ്യർ പുറത്തായി. പിന്നീട് ഡൽഹിക്ക് വിക്കറ്റുകള്‍ തുടരെ നഷ്ടമാകുകയായിരുന്നു.

എട്ടാം വിക്കറ്റില്‍ 18 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിന്‍ – പ്രവീണ്‍ ഡുബേ കൂട്ടുകെട്ടാണ് ഡല്‍ഹിയെ നൂറിനടുത്തേക്ക് എത്തിച്ചത്. 7 പന്തില്‍ 12 റണ്‍സ് നേടിയ റബാഡയാണ് ഡല്‍ഹിയെ 110 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.

മുംബൈക്കായി ബുമ്ര നാല് ഓവറിൽ 17 റണ്‍സ് വഴങ്ങിയും ബോൾട്ട് നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഥാൻ കൂൾട്ടർനൈൽ, രാഹുൽ ചാഹർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. റബാദ അവസാന പന്തിൽ റണ്ണൗട്ടായി.

Story highlights- mumbai indians won by 9 wickets