രതീഷ് അമ്പാട്ട് -മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം 2021ൽ ആരംഭിക്കും

കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേർന്ന് പൃഥ്വിരാജിനെ നായകനാക്കി ചിത്രമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2020ൽ ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധികളെ തുടർന്ന് നീളുകയായിരുന്നു. ഇപ്പോഴിതാ, 2021ൽ ചിത്രം ആരംഭിക്കുമെന്ന് അറിയിക്കുകയാണ് മുരളി ഗോപി.

സമൂഹമാധ്യമങ്ങളിലൂടെയാണ് മുരളി ഗോപി ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ‘രതീഷ് അമ്പാട്ടിനൊപ്പം. ഞങ്ങളുടെ അടുത്ത സിനിമ 2021ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- രതീഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുരളി ഗോപി കുറിക്കുന്നു.

പൃഥ്വിരാജ് ആടുജീവത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം 2020 മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ഈ ചിത്രത്തെക്കുറിച്ച് രണ്ടുവർഷം മുൻപ് രതീഷ് അമ്പാട്ട് പങ്കുവെച്ചിരുന്നത്. ഇപ്പോൾ സ്ക്രിപ്റ്റ് പൂർത്തിയായ വേളയിലാണ് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് മുരളി ഗോപി. ചിത്രത്തിനായി ഇനിയും കാത്തിരിക്കാനാകില്ല എന്ന് ആവേശത്തോടെ പൃഥ്വിരാജ് മുരളിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം പങ്കുവെച്ചിരുന്നു.

അതേസമയം, ദൃശ്യം 2 എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മുരളി ഗോപി. പോലീസ് വേഷത്തിലാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം നടത്തുന്നത്. ദൃശ്യംഒന്നാം ഭാഗത്തിൽ മുരളി ഗോപി ഇല്ലാത്തതിനാൽ താരത്തിന്റെ കഥാപാത്രത്തെകുറിച്ചറിയാൻ ഏറെ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. 

Read More: തെലുങ്കിൽ സജീവമായി അനുപമ; അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രത്തിൽ നായികയായി താരം

മാത്രമല്ല, മമ്മൂട്ടിക്കൊപ്പമുള്ള മുരളി ഗോപിയുടെ ചിത്രവും ചർച്ചയായിരുന്നു. മികച്ച നടനൊപ്പം ചിലവഴിച്ച മൂന്ന് മണിക്കൂർ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം മുരളി ഗോപി പങ്കുവെച്ചിരുന്നത്. ഇതോടെ ഇരുവരും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നവെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

Story highlights- murali gopi about next project with prithviraj and ratheesh ambatt