ചുരുളൻ മുടിയിൽ പരീക്ഷണവുമായി നിത്യ മേനോൻ; പുത്തൻ ലുക്ക് പങ്കുവെച്ച് നടി

മലയാള സിനിമയിലെ കഴിവുറ്റ താരമായ നിത്യ മേനോൻ ആദ്യ കാഴ്ച്ചയിൽ തന്നെ എല്ലാവരുടെയും മനസ്സിൽ കയറുന്നത് ചുരുളൻമുടിയും മനോഹരമായ പുഞ്ചിരിയുംകൊണ്ടാണ്. മുടിയിൽ അധികം പരീക്ഷണങ്ങൾ നടത്താറില്ലാത്ത നിത്യ ഇപ്പോഴിതാ, ഷോർട്ട് ഹെയർ ലുക്കിലെത്തിയിരിക്കുകയാണ്.

തൂവെള്ള വസ്ത്രമണിഞ്ഞ് നിത്യ തന്റെ പുതിയ ഹെയർ സ്റ്റൈൽ എങ്ങനെയുണ്ടെന്ന് ആരാധകരോട് ചോദിക്കുകയാണ്. ചിത്രത്തിന് ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ ഒട്ടേറെപ്പേർ കമന്റുകൾ നൽകി. അതേസമയം, എല്ലാഭാഷകളിലും സാന്നിധ്യമറിയിക്കുകയാണ് നിത്യ മേനോൻ.

ഒന്നിലധികം ഭാഷകളിൽ ഒരുങ്ങുന്ന ഗമനം എന്ന സിനിമയിലാണ് നിത്യ വേഷമിടുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ‘ഗമനം’ ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രമായിട്ടാണ് നിത്യ ‘ഗമനത്തില്‍’ എത്തുന്നത്.

മലയാള സിനിമയിൽ രണ്ടുചിത്രങ്ങളിലാണ് നിത്യ മേനോൻ വേഷമിടുന്നത്. ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിത്യ മേനോനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്.വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാളം ചിത്രമാണിത്.

നവാഗതനായ അനി ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിത്യ വേഷമിടുന്നു. ‘നിന്നിലാ നിന്നിലാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങുന്നത്. നിത്യ മേനോൻ, റിതു വർമ്മ, അശോക് സെൽവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം റൊമാന്റിക് കോമഡി എന്റർടൈനർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 

Read More: ‘അയ്യപ്പനും കോശിയും’ തെലുങ്ക് പതിപ്പിൽ കണ്ണമ്മയായി സായ് പല്ലവി

2019ൽ പുറത്തിറങ്ങിയ പ്രാണയിലാണ് ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ നിത്യ മേനോൻ അഭിനയിച്ചത്. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന സിനിമയിലും നിത്യ വേഷമിട്ടിരുന്നു. അതോടൊപ്പം ബോളിവുഡിലേക്കും നിത്യ അരങ്ങേറ്റം കുറിച്ചു. മിഷൻ മംഗൾ എന്ന ചിത്രത്തിൽ വൻ താരനിരയ്‌ക്കൊപ്പമെത്തിയ നിത്യ, ബോളിവുഡ് താരം അഭിഷേക് ബച്ചനൊപ്പം ബ്രീത്ത് എന്ന വെബ് സീരിസിലും അഭിനയിച്ചു.

Story highlights- nithya menon’s short hair look