‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലെത്തുന്ന ‘ജന ഗണ മന’- ചിത്രീകരണം ആരംഭിച്ചു

ഡ്രൈവിംഗ് ലൈസൻസിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. ‘ ജന ഗണ മന’ എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.

പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടാണ് സ്വന്തമാക്കിയത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം താരം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ആയിരുന്നു. പൃഥ്വിരാജ് സിനിമ താരമായി എത്തിയ ചിത്രത്തിൽ വെഹിക്കിൾ ഇൻസ്പെക്ടറായാണ് സുരാജ് എത്തിയത്.

മിയ ജോർജ്, ദീപ്തി സതി, സലിം കുമാർ, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിച്ചത്. അലക്‌സ് ജെ പുളിക്കലായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

Read More: കൊവിഡിന് ശേഷമുള്ള മുടികൊഴിച്ചിലിന് പരിഹാരമായത് സവാള- ടിപ്‌സ് പങ്കുവെച്ച് മലൈക അറോറ

അതേസമയം, കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്.സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights- prithviraj- suraj venjaramood new movie