ആവേശ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ്; ബാംഗ്ലൂരിനെതിരെ 5 വിക്കറ്റ് വിജയം

October 31, 2020

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ആവേശ ജയം. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 39 റൺസെടുത്ത വൃദ്ധിമാൻ സാഹയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.

ബാംഗ്ലൂർ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസായിരുന്നു നേടിയത്. ബാംഗ്ലൂരിനെതിരെയുള്ള വിജയത്തോടെ നാലാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് പ്ലേഓഫ് സാധ്യത നിലനിർത്തിയിരിക്കുകയാണ്. 10 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറുടെ പ്രകടനമാണ് സാഹ(39), മനീഷ് പാണ്ടേ(26) എന്നിവരുടെ പ്രകടനത്തിന് ശേഷം സണ്‍റൈസേഴ്സിന് തുണയായത്.

ബാംഗ്ലൂരിനു വേണ്ടി യുസ്‌വേന്ദ്ര ചെഹൽ രണ്ടു വിക്കറ്റും, വാഷിങ്ടൻ സുന്ദർ, ഇസൂരു ഉഡാന, നവ്ദീപ് സെയ്നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഓവറുകളില്‍ തന്നെ റോയൽ ചലഞ്ചേഴ്സിന്റെ ദേവദത്ത് പടിക്കലിനെയും, വിരാട് കോലിയെയും സന്ദീപ് ശര്‍മ്മയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ എബിഡിയും ജോഷ് ഫിലിപ്പേയും ചേര്‍ന്ന് 43 റണ്‍സ് നേടിയെങ്കിലും ഷഹ്ബാസ് നദീം എബിഡിയെ പുറത്താക്കിയതോടെ ബാംഗ്ലൂരിന് പ്രതീക്ഷ അസ്തമിച്ചു.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ്, ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നാലു വിക്കറ്റുകൾ നഷ്ടമായതോടെ ബാംഗ്ലൂരിന്റെ സ്കോറിങ് മന്ദഗതിയിലായി. 15 ഓവർ പിന്നിട്ടപ്പോൾ ബാംഗ്ലൂർ 4 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ്. 20 ഓവർ പൂർത്തിയായപ്പോൾ ബാംഗ്ലൂരിന് 7 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളു. 

Story highlights- SRH won by 5 wickets