പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി ഹൈദരാബാദ്; മുംബൈക്കെതിരെ പൊരുതി നേടിയ വിജയം

May 17, 2022

ജീവന്മരണ പോരാട്ടത്തിനായാണ് മുംബൈക്കെതിരെ ഹൈദരാബാദ് ഇന്നിറങ്ങിയത്. ഇന്ന് തോൽവി നേരിട്ടിരുന്നെങ്കിൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അതോടെ അവസാനിക്കുമായിരുന്നു. അതിനാൽ തന്നെ വാശിയേറിയ പോരാട്ടം തന്നെയാണ് ഹൈദരാബാദ് കാഴ്‌ചവെച്ചത്.

ഇരു ടീമുകളും കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത മത്സരത്തിൽ ഒടുവിൽ വിജയം ഹൈദരാബാദിനൊപ്പം നിന്നു. 3 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മുംബൈക്കെതിരെ ജയിച്ചത്. ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

മുംബൈക്കായി നായകൻ രോഹിത് ശർമയും, ടിം ഡേവിഡും, ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജയിക്കാനായില്ല. നടരാജന്റെ ഒരോവറിൽ 4 സിക്‌സറുകൾ ഉൾപ്പടെ 26 റൺസ് നേടിയ ടിം ഡേവിഡ് ഒരു ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അതേ ഓവറിലെ അവസാന പന്തിൽ നടരാജൻ തന്നെ താരത്തെ റൺ ഔട്ട് ആക്കിയതോട് കൂടി മുംബൈയുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഹൈദരാബാദിനായി ഉമ്രാൻ മാലിക്ക് 3 വിക്കറ്റുകൾ പിഴുതു.

Read More: ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്‌; ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ…

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ഹൈദരാബാദ് കൂറ്റൻ സ്‌കോറാണ് മുംബൈക്കെതിരെ അടിച്ചു കൂട്ടിയത്. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് 6 വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസാണ് നേടിയത്. 44 പന്തിൽ 76 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദിന് വമ്പൻ സ്‌കോർ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. 42 റൺസ് നേടിയ പ്രിയം ഗാർഗും 38 റൺസെടുത്ത നിക്കൊളാസ് പുരാനും ശക്തമായ പിന്തുണയാണ് ത്രിപാഠിക്ക് നൽകിയത്. 78 റൺസാണ് ത്രിപാഠി-ഗാർഗ് കൂട്ടുകെട്ട് ഹൈദരാബാദിനായി അടിച്ചു കൂട്ടിയത്.

ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിലും ഞായറാഴ്‌ച പഞ്ചാബ് കിങ്സിനെതിരെ നടക്കുന്ന അവസാന മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കിയാൽ മാത്രമേ ഹൈദരാബാദിന് പ്ലേ ഓഫ് സ്വപ്‌നം കാണാൻ കഴിയൂ. ഒപ്പം മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചു കൂടിയാവും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശനം.

Story Highlights: Hyderabad won by 3 runs against mumbai