കൂറ്റൻ സ്‌കോറിൽ ഹൈദരാബാദ്; നിർണായകമായത് ത്രിപാഠി-ഗാർഗ് കൂട്ടുകെട്ട്

May 17, 2022

ടോസ് നേടിയിട്ടും ഹൈദരാബാദിനെ ബാറ്റിങിനയച്ച തീരുമാനം മുംബൈ നായകൻ രോഹിത് ശർമ്മ ഇപ്പോൾ പുനഃപരിശോധിക്കുന്നുണ്ടാവും. ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ഹൈദരാബാദ് കൂറ്റൻ സ്‌കോറാണ് മുംബൈക്കെതിരെ അടിച്ചു കൂട്ടിയിരിക്കുന്നത്. നിശ്ചിത ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് 6 വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസാണ് നേടിയത്.

44 പന്തിൽ 76 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദിന് വമ്പൻ സ്‌കോർ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. 42 റൺസ് നേടിയ പ്രിയം ഗാർഗും 38 റൺസെടുത്ത നിക്കൊളാസ് പുരാനും ശക്തമായ പിന്തുണയാണ് ത്രിപാഠിക്ക് നൽകിയത്. 78 റൺസാണ് ത്രിപാഠി-ഗാർഗ് കൂട്ടുകെട്ട് ഹൈദരാബാദിനായി അടിച്ചു കൂട്ടിയത്.

നായകൻ കെയ്ന്‍ വില്യംസണ് പകരം ഇന്ന് അന്തിമ ഇലവനിൽ സ്ഥാനം നേടിയ പ്രിയം ഗാർഗാണ് ഹൈദരാബാദിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ക്രീസിലെത്തിയത്. ഈ ഓപ്പണിങ് മാറ്റത്തെ ശരി വയ്ക്കുന്ന പ്രകടനമാണ് ഗാർഗ് പുറത്തെടുത്തത്.

സൺറൈസേഴ്‌സ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം നേരിടാനിറങ്ങിയ മുംബൈ ഇപ്പോൾ 5 ഓവറിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 45 റൺസ് നേടിയിട്ടുണ്ട്.

Read More: സൈമണ്ട്സിന്റെ ചേതനയറ്റ ശരീരം വിട്ടുപോകാൻ കൂട്ടാക്കാതെ വളർത്തുനായ്ക്കൾ; കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞ നിമിഷം

അതേ സമയം ജീവന്മരണ പോരാട്ടത്തിനാണ് ഹൈദരാബാദ് ഇന്നിറങ്ങിയിരിക്കുന്നത്. ഇന്ന് തോൽവി നേരിട്ടാൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അതോടെ അവസാനിക്കും. അതിനാൽ തന്നെ വാശിയേറിയ പോരാട്ടം തന്നെയാണ് ഹൈദരാബാദ് കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നത്.

പോയിന്റ് ടേബിളിൽ ഹൈദരാബാദ് നിലവിൽ എട്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ഹൈദരാബാദിന് ഇന്നത്തെ മത്സരത്തിൽ മുംബൈക്കെതിരെയും ഞായറാഴ്‌ച നടക്കുന്ന അവസാന മത്സരത്തിൽ പഞ്ചാബിനെതിരെയും മികച്ച വിജയം നേടുന്നതിനൊപ്പം മറ്റ് ടീമുകൾ അവസാന മത്സരത്തിൽ തോൽക്കുകയും ചെയ്‌താൽ മാത്രമേ പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ കഴിയൂ.

Story Highlights: Hyderabad gets a huge score against mumbai